താനൂർ: ബോട്ട് അപകടത്തിൽ സമഗ്ര ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതിക വിദഗ്ധരടങ്ങുന്ന ജുഡീഷ്യൽ കമ്മിഷനെ സർക്കാർ നിയമിക്കും. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ വഹിക്കും.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന്റെ പ്രത്യേക സംഘത്തെയും നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷാ പരിശോധന കൃത്യമായിരുന്നോ എന്നാകും അന്വേഷണം.
ബോട്ടുകൾക്ക് ലൈസൻസ് നൽകുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കും. ആശ്വസിപ്പിക്കാവുന്ന നഷ്ടമല്ല ഉണ്ടായിട്ടുള്ളത്. മുഴുവൻ കുടുംബങ്ങളുടെയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി താനൂരിൽ പറഞ്ഞു.