വർഗീയ കലാപം രൂക്ഷമായ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ട് 100 ദിവസം പിന്നിട്ടു. കഴിഞ്ഞ ഓഗസ്റ്റ് പതിനൊന്നിന് സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധിച്ചിട്ട് നൂറ് ദിനങ്ങൾ പൂർത്തിയായിരിക്കുകയാണ്. ജൂലൈ 25ന് ഭാഗികമായി ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും മണിപ്പൂരിലെ ഭൂരിഭാഗം ജനതയ്ക്കും അതിന്റെ ആനുകൂല്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.
ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നവർക്ക് മാത്രമായിരുന്നു ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായെങ്കിലും ലഭ്യമായത്. ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമേ ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നുള്ളൂ എന്നിരിക്കെയായിരുന്നു ഹൈക്കോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്. ഈ ഉത്തരവ് എത്രകാലത്തേക്കാണെന്നതും കോടതി വ്യക്തമാക്കിയിരുന്നില്ല. ഇത് 2020ൽ ഭേദഗതി ചെയ്ത ടെലികോം സസ്പെൻഷൻ, 2017 ലെ ചട്ടം 2(2A)ന്റെ ലംഘനമാണെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൌണ്ടേഷൻ (ഐഎഫ്എഫ്) ഓഗസ്റ്റ് 11ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് ഹൈക്കോടതി വിധി കൊണ്ട് ഗുണമുണ്ടായതെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. മണിപ്പൂരിലെ പൗരന്മാർക്ക് അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ഐ എഫ് എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്റർനെറ്റിന്റെ നിരോധനത്തിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ വഴിയൊരുക്കുന്നു. കേൾക്കുന്ന കാര്യങ്ങൾ സ്വതന്ത്രമായി പരിശോധിച്ച് ബോധ്യപ്പെടാനുള്ള വഴികളും ഇന്റർനെറ്റ് നിരോധനത്തിലൂയോടെ അടച്ചുകളയുകയാണ്. ഭാഗികമായി ഇന്റർനെറ്റ് പുനഃസ്ഥാപിച്ചെങ്കിലും മൊബൈൽ ഡേറ്റ സേവനങ്ങൾക്ക് അനുമതി കൊടുത്തിരുന്നില്ല. ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്ക് പോലും സമൂഹമാധ്യമ വെബ്‌സൈറ്റുകൾ ഉപയോഗിക്കാൻ കഴിയില്ല. മണിപ്പൂരിലെ ഭൂരിഭാഗം നിവാസികളും ഇന്റർനെറ്റ് ഇല്ലാതെയാണ് കഴിയുന്നത്.