ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേബർ സൊസൈറ്റി. ഏഷ്യയിലെ ഏറ്റവും വലിയ ലേബർ സൊസൈറ്റി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി. 1925 ഫെബ്രുവരി 25-ന് സ്ഥാപിതമായ ഊരാളുങ്കൽ നൂറാണ്ട് തികയ്ക്കുന്നു. 36 പൈസ മൂലധനത്തിൽ തുടങ്ങിയ സ്ഥാപനത്തിന്റെ ഇന്നത്തെ ആസ്തി അയ്യായിരം കോടിക്ക് മുകളിൽ.
സമൂഹിക പരിഷ്കർത്താവായിരുന്ന വാഗ്ഭടാനന്ദന്റെ പ്രേരണയിലാണ് ഊരാളുങ്കൽ തുടങ്ങിയത്. പണത്തിന്റെ ആവശ്യത്തിനു പരസ്പരം സഹായിക്കാൻ ഒരു ‘ഐക്യനാണയസംഘം’ ആണ് ആദ്യം ഉണ്ടാക്കിയത്. ജോലി ഇല്ലാതായവർക്കു ജോലി നൽകുന്നതിനായി മറ്റൊരു സംഘം ഉണ്ടാക്കി. ‘ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം’.

ഈ സംഘം പണികൾ കരാറെടുത്ത് സ്വയം ചെയ്യും. തൊഴിലിനും കൂലിക്കുമൊപ്പം ലാഭവും വീതം വയ്ക്കും. ഈ സംഘമാണ് ഇന്നത്തെ ‘ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി. 1925 ഫെബ്രുവരി 13നാണ് സംഘം റജിസ്റ്റർ ചെയ്തത്. വാഗ്ഭടാനന്തന്റെ ശിഷ്യൻമാരായ 14 പേരായിരുന്നു പ്രചാരകർ. ആദ്യകാലത്ത് കാര്യമായ പണി ലഭിക്കാത്ത അവസ്ഥയും ലാഭമില്ലാത്ത സാഹചര്യവുമായിരുന്നു.
തൊഴിലാളികൾക്ക് ജോലി കൊടുക്കുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. അതുകൊണ്ടു തന്നെ ലാഭനഷ്ടങ്ങൾ നോക്കാതെ സ്ഥാപനം പ്രതിസന്ധികളെ തരണം ചെയ്തു. ഇന്ന് 4,000 ഇതര സംസ്ഥാനക്കാരുൾപ്പെടെയുള്ളവർക്ക് യുഎൽസിസിഎസ് ജോലി നൽകുന്നു.
മാതൃഭൂമിയിലെ ആ വാർത്ത സാക്ഷി ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പരസഹായസംഘം പത്താംവർഷത്തിലേക്ക് കടന്നപ്പോൾ, 1934 ഡിസംബർ 12-ന് പുറത്തിറങ്ങിയ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ഇങ്ങനെ പറയുന്നു: ‘‘1925-ൽ ഈ സംഘം സ്ഥാപിക്കപ്പെട്ടു, അന്ന് കഷ്ടിച്ച് 16 മെമ്പർമാർമാത്രം, എന്നാൽ, ഇന്ന് 115 മെമ്പർമാരുണ്ട്… ഓഹരിസംഖ്യയായി ആകെ 187 ക ഒമ്പത് അണ പിരിഞ്ഞുകിട്ടി. ആരംഭത്തിൽ ഇരുന്നൂറും മുന്നൂറും ഉറുപ്പികയുടെ ജോലിമാത്രം എടുത്ത സംഘം 1934-ൽ 2140 കയുടെ ജോലിയെടുത്തു. ഇതുവരെയായി സംഘത്തിന് 493 ക ലാഭമുണ്ടായി, ശരിയായ പ്രോത്സാഹനം ഉണ്ടാകുന്നപക്ഷം സംഘത്തിന് ഇതിലും അധികം ജോലിയും ലാഭവും ലഭിക്കും… സംഘം ചെയ്ത ജോലികളെല്ലാം വളരെ തൃപ്തികരമാണ്…
പക്ഷേ ഒരു ദുർഘടമാണുള്ളത്… ജോലി കിട്ടുന്നത് ഇക്കാലത്ത് എളുപ്പമല്ല… സ്വാധീനശക്തിയുള്ള കോൺട്രാക്ടർമാരും അവരെ പ്രോത്സാഹിപ്പിക്കാൻ തയ്യാറുള്ള എൻജിനിയർമാരും ഉള്ള കാലത്തോളം ഇങ്ങനെയുള്ള പാവപ്പെട്ട സംഘക്കാർക്ക് ജോലി കിട്ടാൻ വിഷമമാണ്…’’തൊഴിലാളികളാണ് കരുത്ത് ഒട്ടേറെ വിഷമങ്ങളും പ്രതിസന്ധികളുടെ കടലും താണ്ടി പാവപ്പെട്ട കൂലിവേലക്കാരുടെ സംഘം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി പന്തലിച്ച് നൂറാംവർഷത്തിലെത്തി. നിർമാണമേഖലയിൽ ‘ടോട്ടൽ സൊലൂഷൻ പ്രൊവൈഡ’റാണ് ഇന്ന് സൊസൈറ്റി. പ്രാഥമിക സർവേ മുതൽ നിർമാണവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചെയ്യും. എല്ലാമേഖലയിലും സ്വയംപര്യാപ്തം. മൂന്ന് ക്രഷർ യൂണിറ്റുകൾ, ആവശ്യമായ മണ്ണ് ശേഖരം, ഹോളോബ്രിക്സ് യൂണിറ്റ്, സ്‌കഫോൾഡിങ് യൂണിറ്റ്, ഫർണിച്ചർ ആൻഡ് ഫിക്‌സ്ചർ യൂണിറ്റ്, ഇലക്‌ട്രിക്കൽ ആൻഡ് പ്ലംബിങ് വർക്‌ഷോപ്പ്, നിർമാണമേഖലയിൽ അത്യാധുനിക യന്ത്രങ്ങൾ തുടങ്ങിയവയെല്ലാമുണ്ട്. ഓരോ വിഭാഗത്തിലുമുള്ളത് വിദഗ്ധരായ എൻജിനിയർമാരും തൊഴിലാളികളും.

എല്ലാ തൊഴിലാളികൾക്കും പരിശീലനം നൽകി നൈപുണി വികസിപ്പിക്കുന്ന പദ്ധതി നിരന്തരം നടക്കുന്നു. മാറുന്ന സാങ്കേതികവിദ്യയ്ക്കനുസരിച്ച് തൊഴിലാളികളെയും പ്രാപ്തരാക്കുകയാണ് ലക്ഷ്യം. നിർമാണമേഖലയിൽ ലോകത്ത് നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കാനും അത് വേഗത്തിൽ നടപ്പാക്കാനും ഗവേഷണവിഭാഗവുമുണ്ട്. മാറ്റർലാബാണ് മറ്റൊരു പ്രത്യേകത.
നിർമാണസാമഗ്രികളുടെയും മറ്റും ഗുണനിലവാരപരിശോധന നടത്താനാണ് ഈ സംവിധാനം.തൊഴിലാളികൾ എങ്ങനെ ഒരു വൻകിടസ്ഥാപനത്തിന്റെ ഉടമയാകുന്നുവെന്നതിന്റെ നേർസാക്ഷ്യം സൊസൈറ്റിയിൽ കാണാം. . തൊഴിലാളിയല്ലാത്തവർക്ക് സംഘത്തിൽ അംഗമാകാൻ കഴിയില്ല. ഭരണസമിതിയംഗങ്ങളും തൊഴിലാളികളാണ്.
വർഷങ്ങളുടെ അനുഭവസമ്പത്തുള്ളവരാണ് ഡയറക്ടർമാരായി വരുന്നത്. ഇവരെ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കുന്നതും തുടർന്നങ്ങോട്ട് ഭരണസമിതിയെ മുന്നോട്ടുനയിക്കുന്നതും തൊഴിലാളികൾതന്നെ. ദിവസരേഖകൾ ഉൾപ്പെടെ എല്ലാകാര്യങ്ങളും തൊഴിലാളികൾ പരിശോധിച്ച് അംഗീകരിക്കുന്ന ജനാധിപത്യരീതിയാണ് സംഘത്തിന്റെ കരുത്ത്.