പാലക്കാട് ജില്ലയുടെ നവോത്ഥാന സമര ചരിത്രത്തിൽ നാഴികകല്ലായ കൽപ്പാത്തി സമരത്തിന്റെ നൂറാം വാർഷികം ദിനം ആഘോഷമാക്കി എഐവൈഎഫ്. അനുസ്മരണ പരിപാടി സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 1924 ആഗസ്റ്റ് 25 ന് മദ്രാസ് ഗവൺമെന്റ് അധഃസ്ഥിത-പിന്നാക്ക ജനതയ്ക്ക് പൊതു ഇടങ്ങളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചതിനെ തുടർന്ന് 1924 നവംബർ 13 ന് രഥോത്സവം കാണാൻ കൽപ്പാത്തിയിലെത്തിയവ ഈഴവ യുവാക്കൾക്കുനേരെ നടന്ന ആക്രമണമാണ് കൽപ്പാത്തി സമരമായി മാറിയത്.
ഉയർന്ന ജാതിക്കാരും ബ്രിട്ടീഷ് സർക്കാരും ചേർന്ന് സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചതോടെ നൂറുകണക്കിന് ആളുകൾക്ക് ക്രിസ്ത്യൻ ഇസ്ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്യേണ്ടിവന്നു. കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കൂട്ട മതപരിവർത്തനമാണ് പാലക്കാട് നടന്നത്. മതം മാറുന്നതിലെ യുക്തിരാഹിത്യം ചൂണ്ടിക്കാണിച്ചുകൊണ്ട് സഹോദരൻ അയ്യപ്പൻ തന്നെ നേരിട്ട് ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായി അടയാളപ്പെടുത്തേണ്ട സംഭവമാണെങ്കിലും ചരിത്രകാരന്മാർ ഈ സമരത്തോട് മുഖം തിരിക്കുകയായിരുന്നു.
വർത്തമാന കാല സാഹചര്യത്തിൽ ഈ സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കൂടി ചർച്ച ചെയ്യുന്നതിനാണ് നൂറാം വാർഷികം ആചരിക്കാൻ
എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്.
കൽപ്പാത്തി സമരത്തെക്കുറിച്ച് സവിശേഷമായി പ്രതിപാദിക്കുകയും പ്രധാന ചരിത്ര പുരുഷന്മാരുടെ ജീവിതവഴികളിലൂടെ പാലക്കാടിന്റെ സാമൂഹ്യ ചരിത്രം അടയാളപ്പെടുത്തുകയും ചെയ്യുന്ന ലെജികൃഷ്ണന്റെ ‘നാടുണർത്തിയ പാലക്കാടൻ പോരാളികൾ ‘ എന്ന പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണ പരിപാടിക്കൊപ്പം സംഘടിപ്പിച്ചു. പാലക്കട്ടെ വിവിധ നവോത്ഥാന സമരകേന്ദ്രങ്ങളിൽ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന നവോത്ഥാന പരിപാടികൾ ഇതോടെ തുടക്കമായിരിക്കുകയാണ്.