ന്യൂഡൽഹി: സിപിഐ എംപി പി സന്തോഷ് കുമാറുൾപ്പെടെ 19 എംപിമാർക്ക് രാജ്യസഭയിൽ സസ്പെൻഷൻ. കേരളത്തിൽ നിന്നുള്ള എംപിമാരായ എഎ റഹീം, വി ശിവദാസൻ തുടങ്ങിയവരും സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരിൽ ഉൾപ്പെടുന്നുണ്ട്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെയാണ് സന്തോഷ് കുമാറുൾപ്പെടെയുള്ള 19 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിലെ സുസ്മിത ദേവ്, ഡോ. ശന്തനു സെൻ, ദോല സെൻ തുടങ്ങിയവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സമാനമായ സാഹചര്യത്തിൽ ലോക്സഭയിലെ നാലു കോൺഗ്രസ് അംഗങ്ങളെ സസ്പെൻഡ് ചെയ്തിരുന്നു. കേരളത്തിൽനിന്നുള്ള ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ് എന്നിവർ ഉൾപ്പെടെയായിരുന്നു ഇത്. ഇതിനെതിരായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് ഇന്നു വീണ്ടും നടപടി.