ഇംഫാൽ: മണിപ്പുരില്‍ തിങ്കളാഴ്ച പുതുതായി പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ 11 കുക്കി വിഭാഗക്കാരെ കേന്ദ്രസേന വെടിവച്ചുകൊന്നു. ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന് പരിക്കേറ്റെന്നും നാട്ടുകാരായ അഞ്ചുപേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ജവാനെ അസമിലെ സില്‍ച്ചർ മെഡിക്കല്‍കോളേജിലേക്ക് ആകാശമാര്‍ഗം മാറ്റി. തിങ്കളാഴ്ച പകൽ മൂന്നോടെ ജിരിബാം ജില്ലയിലെ ബോറോബക്കറ ഡിവിഷനിലെ ജാക്കുറദോറിലെ സിആര്‍പിഎഫ് പോസ്റ്റിലേക്കും പൊലീസ് സ്റ്റേഷനിലേക്കും 45 മിനിറ്റ് ആക്രമണമുണ്ടായെന്ന് സിആര്‍പിഎഫ് അറിയിച്ചു.
പത്ത് മൃതദേഹങ്ങൾ കിട്ടിയെന്നും എകെ 47 അടക്കം വന്‍ ആയുധശേഖരം പിടിച്ചെടുത്തെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. മേഖലയില്‍ കൂടുതൽ സേനയെ വിന്യസിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജിരിബാമിലെ സൈരാണില് ആദിവാസി വിഭാഗത്തിൽപ്പെട്ട ഹൈസ്കൂൾ അധ്യാപിക സൊസാങ്കിം മാറി(31)നെ വെടിവച്ചുകൊന്ന് മൃതദേഹം ചുട്ടെരിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്. കഴിഞ്ഞദിവസം ബിഷ്ണുപുരിൽ മെയ്തീ വിഭാഗക്കാരിയായ സ്ത്രീയും വെടിയേറ്റുമരിച്ചു.