ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ 14 കേന്ദ്രമന്ത്രിമാരെ കയ്യൊഴിഞ്ഞ് പൊതുജനം. അമേഠിയില്‍ മത്സരിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കേരളത്തില്‍ നിന്ന് ജനവിധി തേടിയ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും തോൽവി അറിഞ്ഞു. ജയിച്ചാൽ കാബിനറ്റ് പദവി ഉറപ്പിച്ച് മത്സരത്തിനിറങ്ങിയവരായിരുന്നു ഇവരെല്ലാം. അതു തന്നെയായിരുന്നു ഇവർ പ്രചാരണ സമയത്തു പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ആ മന്ത്രി പദവി തങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞ് വിധിയെഴുതി. മൂന്നു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.
കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ട ഖുന്തിയിലും കേന്ദ്രമന്ത്രി അജയ് മിശ്ര തേനി ലഖിംപൂര്‍ ഖേരിയിലും പരാജയപ്പെട്ടു. കൈലാഷ് ചൗധരി ( ബാര്‍മര്‍), സുഭാസ് സര്‍ക്കാര്‍ (ബങ്കുര), എല്‍ മുരുഗന്‍ ( നീലഗിരി), നിസിത് പ്രാമാണിക് ( കൂച്ച് ബിഹാര്‍), സഞ്ജീവ് ബല്യാണ്‍ ( മുസാഫര്‍ നഗര്‍), മഹേന്ദ്രനാഥ് പാണ്ഡെ ( ചന്ദൗലി), കൗശല്‍ കിഷോര്‍ ( മോഹന്‍ലാല്‍ ഗഞ്ച്), ഭഗവന്ത് ഖൂബ ( ബിദാര്‍), രാജ് കപില്‍ പാട്ടീല്‍ ( ഭിവാന്‍ഡി) തുടങ്ങിയവരാണ് പരാജയപ്പെട്ട മറ്റു ബിജെപി മന്ത്രിമാര്‍.
മുന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിയും പരാജയപ്പെട്ട പ്രമുഖരില്‍ ഉള്‍പ്പെടുന്നു. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍, തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ, കേരള ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങിയവരും പരാജയം നേരിട്ട ബിജെപി സ്ഥാനാര്‍ത്ഥികളില്‍പ്പെടുന്നു.
400 ലധികം സീറ്റുകളെന്ന അവകാശവാദവുമായി പ്രചാരണ രംഗത്തിറങ്ങിയ മോദിക്കേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. 272 എന്ന മാന്ത്രിക സംഖ്യക്ക് അടുത്തെത്താന്‍ പോലും ബിജെപിക്കായില്ല. 240 സീറ്റുകളാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത്. നാനൂറ് കടക്കുമെന്ന് പ്രഖ്യാപിച്ച മോദിക്ക് എന്‍ഡിഎയെ മുന്നൂറ് കടത്താന്‍ പോലും കഴിഞ്ഞില്ല. വർഗീയ സംഘർഷം നടന്ന മണിപ്പൂരിൽ ബിജെപിക്ക് വൻ തിരിച്ചടിയേറ്റു. കഴിഞ്ഞ തവണ 4,79000 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ നരേന്ദ്രമോദിയുടെ ഭൂരിപക്ഷം ഇക്കുറി ഒന്നര ലക്ഷമായി കുത്തനെ കുറയുകയും ചെയ്തത് ബിജെപിക്ക് വൻ ക്ഷീണമാണ്.