തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് തുടക്കമായി. നവകേരള നിർമ്മാണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. നവകേരളം എന്ന ലക്ഷ്യത്തിലേക്കാണ് മുന്നേറുന്നത്. ഭൂരഹിതരില്ലാത്ത കേരളമാക്കി മാറ്റുകയാണ് ലക്ഷ്യം. വികസന നേട്ടങ്ങളിൽ കേരളം മാതൃകയാണ്. വിദ്യാഭ്യാസം ആരോഗ്യം, ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങിയവയ്ക്ക് മുൻഗണന. സാമൂഹിക സുരക്ഷ ശക്തമാണെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് പുനരധിവാസം സർക്കാരിന്റെ കടമയാണ്. ഒരു വർഷത്തിനകം ടൗൺഷിപ്പ് നിർമ്മിക്കും. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനം വലിയ പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായി. കാലാവസ്ഥ വ്യതിയാനം നേരിടാൻ കേന്ദ്രസഹായത്തോടെ പദ്ധതി ആവിഷ്‌കരിക്കും. എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കും. 64,006 അതിദരിദ്രരെ കണ്ടെത്തി. ഇവരുടെ പ്രശ്‌നം പരിഹരിക്കാൻ നടപടി തുടങ്ങി. ദേശീയപാത വികസനം പുരോഗമിക്കുന്നു. ആരോഗ്യവിദ്യാഭ്യാസ മേഖലകളിൽ സംസ്ഥാനം വൻ പുരോഗതി നേടി. ഉന്നത വിദ്യാഭ്യാസമേഖലയിലെ നേട്ടം എടുത്തു പറയേണ്ടതാണ് എന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി
രാവിലെ നിയമസഭയിലെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറും ചേർന്ന് സ്വീകരിച്ചു. തുടർന്ന് നിയമസഭയിലേക്ക് ആനയിച്ചു. ഗവർണറായി രാജേന്ദ്ര ആർലേക്കർ ചുമതലയേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇന്നത്തേത്. മാർച്ച് 28 വരെ ആകെ 27 ദിവസം സഭ ചേരുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്.
ഈ മാസം 20 മുതൽ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയാകും നടക്കുക. ഫെബ്രുവരി ഏഴിന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10 മുതൽ 12 വരെ ബജറ്റിലുള്ള പൊതു ചർച്ച നടക്കും. നടപ്പു സാമ്പത്തിക വർഷത്തെ അവസാന ഉപധനാഭ്യർഥനകൾ 13നു പരിഗണിക്കും.
14 മുതൽ മാർച്ച് 2 വരെ സഭ ചേരുന്നതല്ല. ഇക്കാലയളവിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. മാർച്ച് നാല് മുതൽ 26 വരെ 2025-26 വർഷത്തെ ധനാഭ്യർത്ഥനകൾ സഭ ചർച്ച ചെയ്തു പാസ്സാക്കും. മാർച്ച് 28 ന് സഭ പിരിയാനുമാണ് തീരുമാനിച്ചിട്ടുള്ളത്.