രാജ്യത്തിന്റെ സമന്വയ സംസ്കാരത്തെ അട്ടിമറിച്ചും വർഗ്ഗീയ അജണ്ട നടപ്പാക്കി രാജ്യത്തെ പൗരന്മാരെ ധ്രുവീകരിച്ചുമുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്നെതിരിലുള്ള ജന വികാരം തന്നെയാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്തു വന്നതെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടനയിൽ നിലനിൽക്കുന്ന മതനിരപേക്ഷതയുടെ തത്വങ്ങളെ നിർമ്മാർജനം ചെയ്ത് രാജ്യത്തെ മത രാഷ്ട്രമാക്കി മാറ്റാനുള്ള സംഘപരിവാറിന്റെ നിലപാടിനെതിരെ, ഇന്ത്യൻ ജനതയുടെ പ്രതികരണമാണ് തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിനു കാരണം എന്ന് എഐവൈഎഫ് വിലയിരുത്തി.
തെരഞ്ഞെടുപ്പ് കാലയളവിൽ രാജ്യം നേരിടുന്ന മൗലിക രാഷ്ട്രീയ പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാതെ രാജ്യത്തിന്റെ ജനാധിപത്യ-മതേതര ഘടനയുടെ അന്ത:സത്തയെ വെല്ലുവിളിച്ചു കൊണ്ട് പൗരന്മാർക്കിടയിൽ വൈകാരിക ഉത്തേജനം നിറക്കാനുള്ള ശ്രമമായിരുന്നു ബിജെപി നടത്തിയത്. അപ്രകാരം രാജ്യത്തിന്റെ അടിസ്ഥാന ശിലകളായ ജനാധിപത്യത്തെയും, മത നിരപേക്ഷതയെയും, ഫെഡറലിസത്തെയും അട്ടിമറിച്ച് ഏകാധിപത്യ ഭരണസംവിധാനത്തിൻ കീഴിലാക്കുകയെന്ന ഹിഡൻ അജണ്ടക്കെതിരിലുള്ള ജനരോഷം ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഫലങ്ങളിൽ പ്രകടമാണ്.
രാജ്യത്ത് ആധിപത്യം സ്ഥാപിച്ചിട്ടുള്ള കോർപറേറ്റ് -വർഗീയ അവിശുദ്ധ സഖ്യത്തിന്നെതിരായ പ്രതിപക്ഷപാർട്ടികളുടെ രാഷ്ട്രീയ ഐക്യ മായ ‘ഇന്ത്യ’ സഖ്യത്തെ വോട്ടർമാർ അംഗീകരിച്ചതായും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.