തിരുവനന്തപുരം: 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം 3.30ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് ആണ് ഉദ്ഘാടന ചടങ്ങിലെ വിശിഷ്ടാതിഥി. സംവിധായിക മഹ്നാസ് മുഹമ്മദിയെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി ചടങ്ങില്‍ ആദരിക്കും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും.
ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. മികച്ച ഉപകരണസംഗീതജ്ഞനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം 15ാം വയസ്സില്‍ തന്നെ നേടിയ പുര്‍ബയന്‍ ചാറ്റര്‍ജി ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെ ലോകത്തെ വിവിധ സംഗീതധാരകളുമായി സമന്വയിപ്പിച്ചുകൊണ്ട് വിവിധ രാജ്യങ്ങളില്‍ സിതാര്‍ കച്ചേരി നടത്തിയിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം വിപുലമായി നടക്കുന്ന ആദ്യ ഐഎഫ്എഫ്കെ ആയതിനാൽ കേരളത്തിനു അകത്തും പുറത്തുമുള്ള നിരവധി ചലച്ചിത്ര ആസ്വാദകർ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തും എന്നു തന്നെയാണ് കണക്കാക്കപ്പെടുന്നത്. എഴുപത് രാജ്യങ്ങളിൽ നിന്നായി 180 ഓളം സിനിമകളാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് പ്രദർശനത്തിനെത്തുക.
ഇന്ത്യയുടെ ഓസ്‌കർ പ്രതീക്ഷയായ ഗുജറാത്തി ചിത്രം ചെല്ലോ ഷോ, ബംഗാളി ചിത്രമായ നിഹാരിക, പഞ്ചാബി ചിത്രം ജെഗ്ഗി, ഹിന്ദി ചിത്രം സ്റ്റോറി ടെല്ലർ തുടങ്ങിയ ഇന്ത്യൻ ചിത്രങ്ങളുടേയും രാജ്യത്തെ ആദ്യ പ്രദർശനമാണ് മേളയിലേത്. പ്രശസ്ത സംവിധായിക നന്ദിതാ ദാസിന്റെ ‘സ്വിഗാറ്റോ’യും ഇക്കുറി പ്രദർശനത്തിനെത്തുന്നുണ്ട്. മേളയുടെ കലിഡോസ്‌കോപ്പ് വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായാണ് സ്വിഗാറ്റോ എത്തുന്നത്.
സ്വീഡിഷ് സംവിധായകൻ താരിഖ് സലെയുടെ ബോയ് ഫ്രം ഹെവൻ, അമാൻ സച്ചിദേവിന്റെ ഓപ്പിയം, ഫ്രഞ്ച് ചിത്രമായ ബോത്ത് സൈഡ്‌സ് ഓഫ് ദി ബ്ലേഡ്, കൊറിയൻ ചിത്രമായ ബ്രോക്കർ തുടങ്ങി 60-ലധികം ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദർശനത്തിന് തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രമേള വേദിയാകും.