ബലാസോർ: മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഒഡീഷയിൽ ആദിവാസി സ്ത്രീകളെ കെട്ടിയിട്ട് ആക്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പിതാംബർ ബിസ്വാൾ, പ്രശാന്ത കുമാർ നായക്, ജയന്ത കുമാർ നായക്, ബാദൽ കുമാർ പാണ്ഡ എന്നിവരാണ് അറസ്റ്റിലായത്. ക്രിസ്മസ് ആഘോഷത്തിന്റെ മറവിൽ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മർദനം.
ബലാസോർ ജില്ലയിലെ ഗോബർധൻപുരി ഗ്രാമത്തിലായിരുന്നു സംഭവം. ദലിത് കുടുംബങ്ങളെ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മർദനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ വലിയരീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദേവസേന എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നാട്ടുകാരും ഇവരോടൊപ്പമുണ്ടായിരുന്നു. കെട്ടിയിട്ടവർക്ക് മുന്നിൽനിന്ന് നാട്ടുകാർ ജയ് ശ്രീറാം വിളിക്കുന്നത് വിഡിയോയിൽ കാണാം. അറസ്റ്റിലായവരിൽ സ്ത്രീകൾക്കെതിരെ പരാതി നൽകിയ ബാദൽ കുമാർ പാണ്ഡയും ഉൾപ്പെടുന്നുണ്ട്.
സംഭവം അറിഞ്ഞയുടൻ തന്നെ പൊലീസ് സ്ഥലത്തെത്തി രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും രക്ഷപ്പെടുത്തിയതായി ബാലസോർ ഡിഐജി സത്യജിത് നായിക് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒഡീഷ ഫ്രീഡം ഓഫ് റിലീജിയൻ ആക്ട്, 1967, സെക്ഷൻ 4, സെക്ഷൻ 299, സെക്ഷൻ 3(5), സെക്ഷൻ 351(2), എന്നിവ പ്രകാരമാണ് രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീകളെ ആക്രമിച്ചവർക്കെതിരെ 1989ലെ പട്ടികജാതി, പട്ടികവർഗ നിയമം, ബിഎൻഎസ് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.