Friday, November 22, 2024
spot_imgspot_img
HomeKeralaഎഐടിയുസി ദേശീയ സമ്മേളനം, ഇന്ന് ചെങ്കൊടി ഉയരും

എഐടിയുസി ദേശീയ സമ്മേളനം, ഇന്ന് ചെങ്കൊടി ഉയരും

ആലപ്പുഴ:രക്തസാക്ഷി സ്മരണകളുടെയും വിപ്ലവ പോരാട്ടങ്ങളുടെയും സ്മൃതികൾ ഇരമ്പുന്ന ആലപ്പുഴയുടെ മണ്ണിൽ രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ എഐടിയുസിയുടെ 42-ാം ദേശീയ സമ്മേളനത്തിനു തിരിതെളിയുന്നു. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തുന്ന പതാക, ബാനർ, കൊടിമരം, ഛായാചിത്രം, ദീപശിഖ ജാഥകൾ വൈകിട്ട് അഞ്ചിന് ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ (മുൻസിപ്പൽ സ്റ്റേഡിയം) സംഗമിക്കുന്നതോടെ 42-ാം ദേശീയ സമ്മേളനത്തിനു തുടക്കമാകും. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കാനുതകുന്ന രാഷ്ട്രീയ തീരുമാനങ്ങൾക്ക് വേദിയാകുന്ന ദേശീയ സമ്മേളനത്തെ രാജ്യം ഉറ്റുനോക്കുകയാണ്. ദേശീയ സമ്മേളനത്തെ വരവേൽക്കാൻ തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളർച്ചക്ക് വിത്ത് പാകിയ ആലപ്പുഴ സജ്ജമായതായി സ്വാഗത സംഘം ചെയർമാൻ കാനം രാജേന്ദ്രൻ, ജനറൽ കൺവീനർ കെ പി രാജേന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വൈകിട്ട് 5ന് എഐടിയുസി പ്രസിഡന്റ് രമേന്ദ്രകുമാർ പതാക ഉയർത്തും. ജനറൽ സെക്രട്ടറി അമർജീത് കൗർ ദീപശിഖ തെളിയിക്കും. തുടർന്ന് തൊഴിലാളി സാംസ്കാരിക സമ്മേളനം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യും. വയലാർ ശരത്ചന്ദ്ര വർമ്മ അധ്യക്ഷത വഹിക്കും. ചടങ്ങിൽ വിപ്ലവ ഗായിക പി കെ മേദിനിയെ മന്ത്രി ജി ആർ അനിൽ ആദരിക്കും. ആലങ്കോട് ലീല കൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, ടി വി ബാലൻ, ഇ എം സതീശൻ, വള്ളിക്കാവ് മോഹൻദാസ് തുടങ്ങിയവർ സംസാരിക്കും.

നാളെ രാവിലെ പത്തിന് ജെ ചിത്തരഞ്ജൻ നഗറിൽ (മുൻസിപ്പൽ സ്റ്റേഡിയം) പ്രതിനിധി സമ്മേളനം എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജീത് കൗർ ഉദ്ഘാടനം ചെയ്യും. അമർജീത് കൗർ ദേശീയ പതാകയും വർക്കിങ് പ്രസിഡന്റ് എച്ച് മഹാദേവൻ എഐടിയുസി പതാകയും ഉയർത്തും. പ്രസിഡന്റ് രമേന്ദ്രകുമാർ അധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയർമാൻ കാനം രാജേന്ദ്രൻ സ്വാഗതം പറയും. ഡബ്ല്യുഎഫ്‌ടിയു ജനറൽ സെക്രട്ടറി പാംബിസ് കൈറിറ്റ്സിസും വിവിധ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതാക്കളും സമ്മേളനത്തെ അഭിവാദ്യം ചെയ്യും. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു നന്ദി പറയും.

സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിക്കും. 20ന് വൈകിട്ട് മൂന്നിന് തൊഴിലാളി മഹാറാലി. തുടർന്ന് ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതു സമ്മേളനം ജനറൽ സെക്രട്ടറി അമർജീത് കൗർ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ കാനം രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ കെ പി രാജേന്ദ്രൻ സ്വാഗതം പറയും. ബിനോയ് വിശ്വം എം പി, രാമകൃഷ്ണ പാണ്ഡെ, വഹീദ നിസാം എന്നിവർ സംസാരിക്കും. സ്വാഗത സംഘം വർക്കിങ് ചെയർമാൻ ടി ജെ ആഞ്ചലോസ് നന്ദി പറയും.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares