“മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതു കളീ നിങ്ങളെത്താൻ” എന്ന മലയാളത്തിന്റെ വിപ്ലവകവി കുമാരനാശാന്റെ വരികൾ അന്വർത്ഥമാക്കി കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് ഇന്ന് 66 വയസ്സ്. കേരളത്തിൽ നിലനിന്നിരുന്ന ജന്മിത്ത സമ്പ്രദായത്തിനും അനാചാരങ്ങൾക്കെതിരെ ജനങ്ങളുടെ വിധി ബാലറ്റ് പേപ്പറിലൂടെ നടപ്പിലാക്കിയതിന്റെ 66-ാം വാർഷികമാണ് ഇന്ന്. ലോകത്താദ്യമായി നിയമസഭയിൽ ചെങ്കൊടിപ്പാറിച്ച ദിവസം. അങ്ങനെ, പറഞ്ഞാലും തീരാത്തത്രയും മേന്മകൾ പറയാനുണ്ട് 1957 ലെ ഇന്നേ ദിവസത്തിനു.
സിപിഐയുടെ നേതൃത്വത്തിൽ 1957, ഏപ്രിൽ അഞ്ചിന് സഖാവ് ഇഎംഎസ് മുഖ്യമന്ത്രിയായി ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തി. വിദ്യാഭ്യാസ ബിൽ, ഭൂപരിഷ്കരണനിയമം തുടങ്ങിയ പുരോഗമനാത്മക നടപടികൾ കൊണ്ടുവരുവാൻ ഈ മന്ത്രിസഭയ്ക്ക് കഴിഞ്ഞുവെങ്കിലും അഞ്ചു വർഷം പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചില്ല.
മന്ത്രിസഭ നിലവിൽ വന്ന് ഒരാഴ്ചയ്ക്കകം കുടിയൊഴിപ്പിക്കൽ നിരോധന നിയമം നടപ്പിൽ വരുത്തി. ഇതിന്റെ ഭാഗമായി കർഷകർ പാർക്കുന്ന ഭൂമിയിൽ നിന്നും അവരെ കുടിയൊഴിപ്പിക്കുന്നത് കർശനമായി തടഞ്ഞു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരമൊരു ഓർഡിനൻസ് നിലവിൽ വരുന്നത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച 1957 ലെ വിദ്യാഭ്യാസ ബിൽ, സ്വകാര്യമേഖലയിലെ അധ്യാപകർക്ക് നിയമപരമായ പരിരക്ഷ നൽകി.
കേരളത്തിലെ ഭൂവുടമാബന്ധങ്ങളിൽ സമഗ്രവും സമൂലവുമായ മാറ്റങ്ങൾ നടപ്പിൽ വരുത്തി. കർഷകന് ഭൂമിയിൽ സ്ഥിരാവകാശം, ഭൂവുടമസ്ഥതയ്ക്ക് പരിധി എന്നിവയായിരുന്നു മന്ത്രി കെ ആർ ഗൗരിയമ്മ ആവിഷ്കരിച്ച കാർഷികബന്ധ നിയമങ്ങളുടെ അന്തഃസത്ത. എന്നാൽ 1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ വലതുപക്ഷ പിന്തിരിപ്പൻമാരെയും മതശക്തികളുടെയും നേതൃത്വത്തിൽ വിമോചന സമരം നടക്കുകയും കോൺഗ്രസിന്റെ പിന്തുണയോടെ കേന്ദ്രം ഭരിച്ച നെഹ്റു മന്ത്രിസഭ സർക്കാരിനെ പിരിച്ചുവിടുകയും ചെയ്തു.