കാലത്തിന്റെ ചുവരുകളിൽ ചോര ചീന്തി ചരിത്രം രചിച്ച സേലം ജയിൽ വെടിവെപ്പിന് 75 വയസ്സ്. കമ്മ്യൂണിസ്റ്റ് മുന്നേറ്റം തടയുന്നതിനായി അധികാരികള്‍ 75 വര്‍ഷങ്ങൾക്ക് മുമ്പ് സേലം ജയിലിൽ നടത്തിയ വെടിവെപ്പ് ഇന്നും ചരിത്രത്തിന്റെ നാള്‍ വഴികളില്‍ ചോരപുതച്ചു കിടക്കുകയാണ്.
ദക്ഷിണേന്ത്യയിൽ നടന്ന വിവിധ കാർഷിക പ്രക്ഷോഭങ്ങളുടെ ഭാഗമായി ജയിലിലടക്കപ്പെട്ട സഖാക്കളാണ് ഭരണകൂടത്തിന്റെ വെടിയുണ്ടകൾക്ക് മുമ്പിൽ രക്തസാക്ഷിത്വം വഹിച്ചത്. സേലം ജയിലിനകത്ത് രാഷ്ട്രീയക്കാർക്ക് ലഭിക്കുന്ന യാതൊരു പരിഗണനയും സഖാക്കൾക്ക് ലഭിച്ചില്ല. ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും അധികാരികൾ സഖാക്കൾക്ക് നിഷേധിച്ചു.
കൊടും ക്രിമിനലുകളോടുള്ള അതേ മനോഭാവം കർഷകരോടും കാണിച്ചു. അതിനെതിരെ ജയിലിനകത്ത് സഖാക്കൾ സമരമാരംഭിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മദ്രാസ് സർക്കാർ തോക്ക് കൊണ്ടാണ് സമരത്തെ നേരിട്ടത്. ഇരുപത്തിരണ്ട് സഖാക്കൾ രക്തസാക്ഷികളായി.
അനവധി പേർക്ക് പരിക്കേറ്റു. രക്തസാക്ഷികളായവരിൽ മഹാഭൂരിപക്ഷവും കണ്ണൂരിൽ നിന്നുള്ള കർഷക തൊഴിലാളികളായിരുന്നു. 1946 ഡിസംബർ 30-ന് കണ്ണൂരിലെ കാവുമ്പായി കർഷക സമരത്തിന് നേരെ നടന്ന പൊലീസ് വെടിവെപ്പിൽ അഞ്ചു സമര സഖാക്കൾ കൊല്ലപ്പെട്ടു. തടവുകാരായി പിടിച്ച കർഷകരെ കണ്ണൂർ സെൻട്രൽ ജയിലിലാക്കി.
ഇവിടെനിന്ന് 200ഓളം പേരെ സേലം ജയിലിലേക്ക് മാറ്റി. മനുഷ്യവിരുദ്ധതയ്ക്ക് കുപ്രസിദ്ധി കേട്ട ജയിലായിരുന്നു അന്ന് സേലം ജയിൽ. ഡെയ്ഞ്ചർ കമ്മ്യൂണിസ്റ്റ് എന്ന ബോർഡ് ഇവരെ പാർപ്പിച്ചിരുന്ന സെല്ലിന് മുന്നിൽ സ്ഥാപിച്ചു. ജയിലിലെ മനുഷ്യ ദ്രോഹ നടപടികൾക്ക് എതിരെ സമരം പൊട്ടിപ്പുറപ്പെട്ടു.
ജയിലധികാരികള്‍ കാണിക്കുന്ന ക്രൂരതയില്‍ പ്രതിഷേധിച്ച് 100 സഖാക്കള്‍ സി കണ്ണന്‍, എം കണാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരാഹാരം തുടങ്ങാന്‍ തീരുമാനിച്ചു. ആദ്യത്തെ നാലു ദിവസം കഴിഞ്ഞപ്പോള്‍ രണ്ടാമത് ബാച്ചില്‍ വീണ്ടും 100 പേര്‍ നിരാഹാരം തുടങ്ങി. ജയിലധികൃതര്‍ സമരക്കാര്‍ക്ക് കുറെ സൗകര്യങ്ങള്‍ അനുവദിക്കുകയും ചെയ്തു. സി ക്ലാസ് തടവുകാരാണെങ്കില്‍ ജോലി ചെയ്യണം എന്ന നിബന്ധനയുണ്ടായിരുന്നു.
നെയ്ത്ത്, പുല്‍പായ മടയല്‍, റോഡ് റോളര്‍ വലിക്കല്‍ എന്നിവയും മറ്റ് കഠിനമായ ജോലിയുമാണ് ഇവരെക്കൊണ്ട് ചെയ്യിപ്പിച്ചത്. 12 പേരുള്ള ഒരു ബാച്ചായാണ് തടവുകാരെ കൊണ്ടുപോവുക. ജോലി സ്ഥലത്തു വച്ച് കഠിനമായി തല്ലിച്ചതക്കുമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വീണ്ടും നിരാഹാരം തുടങ്ങി. 1950 ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ പ്രതിഷേധമായി കരിദിനം ആചരിക്കുവാന്‍ തീരുമാനിച്ചു.
അന്നത്തെ ജയിലിന്റെ ചുമതലയുള്ള മന്ത്രി മാധവമേനോന്‍ മദ്രാസിലെ 13 ജയിലുകളിലെയും സൂപ്രണ്ടുമാരുടെ യോഗം വിളിച്ചുകൂട്ടി കമ്യൂണിസ്റ്റുകാരെ അടിച്ചമര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയെന്നാണ് പറയുന്നത്. സംഭവ ദിവസം രാവിലെ ഒരു ബാച്ച് പണിക്കായി പുറത്തേക്കു കൊണ്ടുപോയി. തടവുകാര്‍ അകത്തും പുറത്തും പോകുമ്പോഴും കുള്ള ധരിക്കണമെന്നായിരുന്നു അന്നത്തെ നിയമം.
ഇതില്‍ ഒരു കറുത്തവൃത്തം ഉണ്ടാകും. ഇത് കള്ളനാണെന്ന് സൂചിപ്പിക്കുന്നതാണ്. പോരാതെ കഴുത്തില്‍ തകിടും തൂക്കിയിടണം. കള്ളന്‍മാര്‍ ഇതൊക്കെ അനുസരിച്ചു. എന്നാല്‍ ആത്മാഭിമാനമുള്ള കമ്യൂണിസ്റ്റുകാര്‍ ഇതിനെ ചോദ്യം ചെയ്തു. ഉച്ചക്കു ശേഷം രണ്ടാം ബാച്ചിനെ ജോലിക്കായി പുറത്തുകൊണ്ടു പോകുവാന്‍ തയാറെടുക്കുകയായിരുന്നു. അപ്പോഴാണ് ഡപ്യൂട്ടി ജയിലറും 12 വാര്‍ഡന്‍മാരും കടന്നു വന്നത്.
ജയിലര്‍ വിസിലടിച്ചു. ജയില്‍ യുദ്ധക്കളമായി മാറുന്നതിന് നിമിഷങ്ങള്‍ വേണ്ടി വന്നില്ല . തടവുകാരും കണ്ണില്‍ കണ്ടതെല്ലാം ശേഖരിച്ച് വാര്‍ഡന്‍മാരെ നേരിട്ടു. അപ്പോഴേക്കും വാര്‍ഡന്‍മാര്‍ രണ്ടുപേരെ അടിച്ചുകൊന്നിരുന്നു. 1950 ഫെബ്രുവരി 11 ന് ഉച്ചക്ക് ശേഷമാണ് സേലം ജയിലില്‍ വെടിവെപ്പ് നടന്നത്. 118 പേരെയാണ് പരിക്കുപറ്റി സേലം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 42 പേരാണ് മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ കഴിഞ്ഞത്.
സീതാരാമയ്യ ആന്ധ്ര, മാടായി കുഞ്ഞപ്പ നായര്‍, എന്‍ കെ കൃഷ്ണന്‍ കൂത്തുപറമ്പ്, ആശാരി മാധവന്‍, കോറോത്ത് രാമന്‍നമ്പ്യാര്‍, നക്കായി കണ്ണന്‍, ആശാരി അമ്പാടി, പുല്ലാഞ്ഞിയോടന്‍ കുഞ്ഞപ്പ നമ്പ്യാര്‍, കൊയിലോടന്‍ നാരായണന്‍ നമ്പ്യാര്‍, പുല്ലാഞ്ഞിയോടന്‍ ഗോവിന്ദന്‍ നമ്പ്യാര്‍, എന്‍. ബാലന്‍, എന്‍. പത്മനാഭന്‍, നീലഞ്ചേരി നാരായണന്‍ നായര്‍, ആസാദ് ഗോപാലന്‍ നായര്‍, എന്‍. കോരന്‍, മൈലപ്രവന്‍ നാരായണന്‍ നമ്പ്യാര്‍, പിലാട്യോടന്‍ ഗോപാലന്‍ നമ്പ്യാര്‍, കോരന്‍ ഗുരുക്കള്‍, അണ്ടലോടന്‍ കുഞ്ഞപ്പ, ഞണ്ടാടി കുഞ്ഞമ്പു, സി. കുഞ്ഞിരാമന്‍ നമ്പ്യാര്‍, അനന്തന്‍ (എല്ലാവരും കണ്ണൂര്‍ ജില്ലക്കാര്‍) കെ. ഗോപാലന്‍കുട്ടി നായര്‍ (കോഴിക്കോട്), കാവേരിമുതലി, അറുമുഖപണ്ടാരം(തമിഴ്‌നാട്), ഷെയിക്ക് ദാവൂദ് (ആന്ധ്ര) തുടങ്ങിയവരാണ് ജയിലിൽ വച്ച് മരണപ്പെട്ടത്.
കാവുമ്പായി സമരത്തിൽ അറസ്റ്റിലായ ഒ പി അനന്തൻ മാസ്റ്ററും തളിയൻ രാമൻ നമ്പ്യാരും വെടിവെപ്പിൽ കൊല്ലപ്പെട്ടു. ജയിലില്‍ നിന്ന് വെടിവെച്ച് കൊന്ന് ധീര സഖാക്കളെ ജയിലില്‍ വച്ചു തന്നെയാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. മരണപ്പെട്ടവരെ എവിടെയാണ് സംസ്‌ക്കരിച്ചതെന്നറിയില്ല.
തറമുഴുവനും രക്തപുഴയായിരുന്നതു കാരണം അന്ന് ജയില്‍ സന്ദര്‍ശിക്കുവാന്‍ വന്ന കലക്ടറും മറ്റു ഉദ്യോഗസ്ഥ സംഘവും കഞ്ഞികുടിക്കുന്ന പ്ലയിറ്റ് കമിഴ്ത്തി വച്ച് അതിനു മുകളില്‍ ചവിട്ടിയാണ് നടന്നത്. കർഷക സമരപരമ്പരകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കുരുതികളിൽ ഒന്നായിരുന്നു സേലം വെടിവെയ്പ്പ്.