മഹാരാഷ്ട്രയിലെ സിപിഐ നേതാവും ഗ്രന്ഥകാരനുമായ ഗോവിന്ദ് പാൻസാരെ കൊല്ലപ്പെട്ടിട്ട് ഒൻപത് വർഷം തികയുകയാണ്. കൊല്ലപ്പെട്ട് ഇത്ര വർഷമായിട്ടും കൊലപാതകത്തിൻ്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. കോലാപൂരിൽ പ്രഭാത സവാരിക്കിടെയാണ് ഗോവിന്ദ് പൻസാരെയ്ക്കും ഭാര്യയ്ക്കും വെടിയേൽക്കുന്നത്. അഞ്ച് തവണ വെടിയേറ്റ ഗോവിന്ദ് പാൻസാരെ നാല് ദിവസത്തിന് ശേഷം മരിച്ചു. നരേന്ദ്ര ദാബോൽക്കർ വധക്കേസിലെ പ്രതിയായ വീരേന്ദ്ര താവ്‌ഡെ, സമീർ ഗെയ്ക്‌വാദ് എന്നിവരെല്ലാം അറസ്റ്റിലായെങ്കിലും ഇപ്പോൾ ജാമ്യത്തിലാണ്.
വർഗ്ഗീയ ഫാസിസ്റ്റുകളുടെ വിദ്വേഷരാഷ്ട്രീയത്തിന്റെ നേർ ചിത്രമായിരുന്നു സഖാവ് പാൻസാരെക്ക് നേരെയുണ്ടായ ആക്രമണം. ചോദ്യം ചെയ്യുന്ന ശബ്ദങ്ങളെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യുന്ന ഭീകരതയാണ് ഇതിലൂടെ നമ്മുടെ മുന്നിൽ നഗ്നമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചരിത്രത്തെ നിഷേധിക്കുകയും തിരുത്തി എഴുതുകയും ചെയ്യുന്ന സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയെ പൊളിച്ചു കാണിക്കാൻ തന്റെ അറിവും എഴുത്തും ഉപയോഗിച്ചു എന്ന കുറ്റത്തിനാണ് അവർ ഗോവിന്ദ് പാൻസാരെയുടെ ജീവനെടുത്തത്.മഹാരാഷ്ട്രയിലെ മുഴുവൻ ജനങ്ങൾക്കും അവകാശപ്പെട്ട ശിവജിയെ സവർണ്ണ ഹൈന്ദവതയുടെ അടയാളമാക്കി ഉയർത്തിക്കാട്ടാനുള്ള ഹൈന്ദവസംഘടനകളുടെ ശ്രമത്തെയാണ് ഗോവിന്ദ് പാൻസാരെ ചരിത്രവസ്തുതകൾ കൊണ്ട് വെല്ലുവിളിച്ചത്.
ഈ വെല്ലുവിളിയാണ് സംഘ പരിവാറിനെ ചൊടിപ്പിച്ചത്. ഒരു പാൻസാരെയേ ഇല്ലാതാക്കാൻ കഴിഞ്ഞേക്കും. പക്ഷേ അദ്ദേഹം ഉയർത്തിയ രാഷ്ട്രീയം, നിലപാടുകൾ എന്നെന്നും സംഘ് പരിവാറിനെ ഭയപ്പെടുത്തി കൊണ്ടേയിരിക്കും. അതുവരെ ഓർമ്മിപ്പിച്ചു കൊണ്ടു ഇന്നാട്ടിലെ ജനാധിപത്യ വിശ്വാസികൾ ഉറക്കെ വിളിച്ചു കൊണ്ടേയിരിക്കും, തേരെ നാം മേരെ നാം പാൻസാരേ … പാൻസാരേ