പാലക്കാട്: വടക്കഞ്ചേരിയിൽ കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ച് അപകടം. അപകടത്തിൽ ഒൻപതു പേർ മരിച്ചു. 12 പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലേക്ക് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.
അപകടത്തിൽ മരിച്ച ഒൻപത് പേരെയും തിരിച്ചറിഞ്ഞു. ഇതിൽ അഞ്ച് പേർ വിദ്യാർത്ഥികളും ഒരാൾ അധ്യാപകനും മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരുമാണ്. എൽന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന ഇമ്മാനുവൽ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.
41 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം . ഊട്ടിയിലേക്ക് തിരിച്ചതായിരുന്നു വിനോദയാത്ര സംഘം. കെഎസ്ആർടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. പ്ലസ് വൺ, പ്ലസ് ടു ക്ലാസിലെ വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. വാളയാർ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.
അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറിൽ 97.2 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത് എന്നാണ് മന്ത്രി അറിയിച്ചത്. യാത്രയുടെ വിവരങ്ങൾ ഗതാഗത വകുപ്പിനെ മുൻ കൂട്ടി അറിയിച്ചില്ലെന്നതിലൂടെ സ്‌കൂൾ അധികൃതർക്കും വീഴ്ച പറ്റിയെന്നും മന്ത്രി പറഞ്ഞു.
അതിമ വേഗതയിൽ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാർ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് കാറിനെ മറികടക്കാൻ ശ്രമിക്കവേയാണ് കെഎസ്ആർടിസി ബസിന്റെ പിന്നിലിടിച്ചത്. ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദർശിച്ച എംവിഡി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോർ വെഹിക്കിൾ സംഘം പരിശോധന നടത്തുകയാണ്.
അതേസമയം, അപകടത്തിൽപ്പെട്ട അസുര എന്ന പേരിലുള്ള ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വാഹനമാണ് എന്നാണ് മോട്ടോർവാഹന വകുപ്പിന്റെ രേഖകൾ തന്നെ പറയുന്നത്. വാഹനത്തിനെതിരെ നിലവിൽ 5 കേസുകളുണ്ടെന്നാണ് രേഖകൾ പറയുന്നത്.
കോട്ടയം ആർടിഒയുടെ കീഴിലാണ് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായി കളേർഡ് ലൈറ്റുകൾ മുന്നിലും അകത്തും സ്ഥാപിച്ചു, നിയമവിരുദ്ധമായി എയർ ഹോൺ സ്ഥാപിച്ചു. നിയമം ലംഘനം നടത്തി വാഹനമോടിച്ചു ഇങ്ങനെയാണ് കേസുകൾ എന്നാണ് മോട്ടോർ വാഹന വകുപ്പ് രേഖകൾ പറയുന്നത്. ബ്ലാക് ലിസ്റ്റിൽ പെടുത്തിയാലും സർവീസ് നടത്തുന്നതിന് തടസമില്ലെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നത്