തിരുപ്പതി: വലത് തീവ്ര ആശയങ്ങളെ ചെറുക്കാൻ രാജ്യത്ത് ഇടതുപക്ഷ യുവ ഐക്യം അനിവാര്യമാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം പറഞ്ഞു. രാജ്യം ഇപ്പോൾ ഭരിക്കുന്നത് തീവ്ര വലതുപക്ഷമാണ്. തീവ്ര വലതുപക്ഷ ആശയങ്ങളെ പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയുകയുള്ളൂ. ഇന്ത്യയുടെ ഭാവിയെ രക്ഷിക്കാനും വലത് തീവ്ര ഭരണത്തെ ചെറുക്കാനും ഇടതുപക്ഷ യുവസംഘടനകളുടെ ഐക്യം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആൾ ഇന്ത്യ യൂത്ത് ഫെഡറേഷന്റെ 17-ാമത് ദേശീയ സമ്മേളനത്തിൽ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം ഒരു വഴിയല്ല, ഏക വഴിയാണന്നും എ എ റഹിം എം പി കൂട്ടിച്ചേർത്തു . ഡിവൈഎഫ്ഐയും എഐവൈഎഫും ചേർന്നുനടത്തിയ അഗ്നിപഥ് വിരുദ്ധ സമരത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ റഹിം, ഇത്തരം ഐക്യപ്രക്ഷോഭങ്ങളാണ് ഇന്ത്യയിലെ യുവജനങ്ങൾക്ക് ദിശയായിത്തീരേണ്ടതെന്ന് പറഞ്ഞു. പുതിയ എഐവൈഎഫ് നേതൃത്വത്തിന് ഈ ഐക്യ ദൗത്യത്തിന് നേതൃത്വം നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വലത് തീവ്ര ഭരണകൂടം രാജ്യത്ത് വർഗീയ വിഷം പടർത്തുകയും, തൊഴിലിടങ്ങളും ഭരണഘടന മൂല്യങ്ങളും തകർക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ, ഇടതുപക്ഷത്തിന് മാത്രമാണ് സമഗ്രമായ പ്രതിരോധം സംഘടിപ്പിക്കാനാകുന്നത് എന്നും എ എ റഹിം എം പി പറഞ്ഞു.തൊഴിലില്ലായ്മക്കെതിരെയും പുതിയകാലത്തെ തൊഴിൽ ചൂഷണങ്ങൾക്കെതിരെയും യുവാക്കൾ ശക്തമായ ശബ്ദമുയർത്തേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ ഗിഗ് തൊഴിലാളികളുടെ അവസ്ഥ,വർദ്ധിച്ചുവരുന്ന കോൺട്രാക്ട് ജോലികൾ, ബാങ്ക്, ഇൻഷുറൻസ്, റെയിൽവേ തുടങ്ങിയ പൊതുമേഖലകളിൽ സ്ഥിരത നഷ്ടപ്പെടുന്ന പ്രവണതകൾ എന്നിവയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം തൊഴിൽ സുരക്ഷ, ഉചിത ശമ്പളം, മാനവികത എന്നിവ സംരക്ഷിക്കാൻ ഇടതുപക്ഷം ശക്തിപ്പെടേണ്ടത് അനിവാര്യമാണന്നും കൂട്ടിച്ചേർത്തു.