രാജ്യത്തെ ഒരു മത രാഷ്ട്രമാക്കി മാറ്റാനുളള ശ്രമം എൻഡിഎ സർക്കാർ വർഷങ്ങളായി ആരംഭിച്ചിരിക്കുകയാണ്. ഇതിനായിയുളള തയ്യാറെടുപ്പുകൾ പല രൂപത്തിലും ഭാവത്തിലും അവർ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ഇടതുപക്ഷം അതിനെയെല്ലാം ചെറുത്തു തോൽപ്പിക്കുകയാണ്.
മതരാഷ്ട്രമായി ഇന്ത്യയെ മാറ്റാനുളള ബിജെപിയുടെ ശ്രമങ്ങൾക്ക് തടയിടാൻ തുടക്കം കുറിച്ച, ഇന്ത്യ ഓർക്കേണ്ട ഒരാളുണ്ട്. കമ്മ്യൂണിസ്റ്റുകാരനായ എബി ബർദാൻ. ഇന്ത്യൻ മതേതരത്വത്തിന്റെ ഇടനെഞ്ച് കീറിമുറിച്ച് അദ്വാനിയുരുട്ടിയ ഹിന്ദുത്വത്തിന്റെ രഥം തടയാൻ കൈമെയ് മറന്ന് തെരുവുകളിൽ അണിനിരന്ന ആയിരക്കണക്കിന് സിപിഐ പ്രവർത്തകർക്ക് ആവേശം നൽകി, രാജ്യത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്ത് മുന്നിൽ നിന്ന് നയിച്ച് സഖാവ് എബി ബർദാൻ. ഇനിയും പൊരുതൽ അവസാനിപ്പിച്ചിട്ടില്ലാത്ത മതേതര മനസ്സുകൾക്ക് വായിക്കാനായി ഞങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗം പുനഃപ്രസിദ്ധീകരിക്കുന്നു.
പരിഭാഷ: ജെസ്ലോ ഇമ്മാനുവൽ ജോയ്
ഈ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ മത നിരപേക്ഷത ഉയർത്തി പിടിക്കുന്നവരാണ്. ഈ രാജ്യം ഇന്നും ഒരു മത നിരപേക്ഷമായ സമൂഹമായി നില കൊള്ളുന്നു എങ്കിൽ, അത് ഈ രാജ്യത്തെ 85 ശതമാനത്തോളം വരുന്ന ഹിന്ദുക്കൾ അത്തരം മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നത് കൊണ്ടാണ്. നമ്മൾ മറക്കരുത്, ജവഹർലാൽ നെഹ്‌റുവും ഗാന്ധിജിയും രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര രക്തസാക്ഷികളും ഇവരാരും തന്നെ ഹിന്ദു രാഷ്ട്രത്തിന് വേണ്ടി പോരാടിയവരായിരുന്നില്ല. എന്നാൽ ഞാൻ ആശ്ചര്യപ്പെടുകയാണ്, മസ്ജിദ് തകർത്ത് അതേ സ്ഥലത്ത് തന്നെ മന്ദിർ പണിയും എന്ന ഇവരുടെ ധാർഷ്ട്യത്തെ ഓർത്ത്.
ഇതാണോ ശ്രീരാമന്റെ മൂല്യങ്ങൾ? അയോധ്യ രാമന്റെ ജന്മ സ്ഥലം തന്നെ, സമ്മതിക്കുന്നു, അത് ഹിന്ദു മത വിശ്വാസികളുടെ വിശ്വാസത്തിന്റെ ഒരു ഭാഗമാണ്. പക്ഷേ ഞാൻ അദ്വാനിയെ വെല്ലുവിളിക്കുകായാണ് ആയോധ്യയുടെ ഏത് ഭൂപ്രദേശമാണ് പുണ്യമല്ലാത്തത്? ഈ പ്രസ്തുത ഭൂമിയിലെ ഓരോ ഭാഗവും ശ്രീരാമന്റെ ഓർമകളാൽ പുണ്യം ചെയ്തവയല്ലെ? നിങ്ങൾക്ക് അയോധ്യയുടെ എവിടെ വേണമെങ്കിലും അമ്പലമുണ്ടാക്കാം, പക്ഷേ മസ്ജിദ് പൊളിച്ച് കൊണ്ടുള്ള നിങ്ങളുടെ അമ്പലമെന്ന പദ്ധതിയെ എതിർക്കപ്പെടുക തന്നെ ചെയ്യും. ഈ ചോര ചെങ്കൊടി ഉയർത്തി പിടിക്കുന്ന ഞങ്ങളും, ഇവിടെ കൂടി നിൽക്കുന്ന മറ്റുള്ളവരും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ്. പക്ഷേ, ഒരു മതത്തിന്റെ സ്വത്വത്തിനും, അഹങ്കാരത്തിനും വേണ്ടി, മറ്റൊരു വിശ്വാസത്തിന്റെ സ്വത്വത്തെയും, വിശ്വാസത്തെയും തല്ലി തകർക്കാൻ ഞങ്ങൾ സമ്മതിക്കുകയില്ല.
സുഹൃത്തുക്കളെ, ഹിന്ദു വിശ്വാസത്തിൽ സഹിഷ്ണുതയും, അസഹിഷ്ണുതയും ഉണ്ട്, അതിൽ മനുഷ്യത്വവും ഉണ്ട്, ജാതി വ്യവസ്ഥയുമുണ്ട്. അത് കൊണ്ടാണ് വർഷങ്ങളായി അനേകം സന്യാസിമാരും, നവോത്ഥാന നായകരും പല പുരോഗമന പരിഷ്‌കാരങ്ങളും, ജാതി വ്യവസ്ഥയ്ക്ക് എതിരെയും തങ്ങളുടെ ശബ്ദം ഉയർത്തിയത്. എന്നിട്ടും ഇവിടെ ജാതി സമ്പ്രദായം നില നിൽക്കുന്നു. ഇന്ന് പുതിയൊരു ശ്രമം തുടങ്ങി കൊണ്ടിരിക്കുകയാണ്, ഒരു കാലത്ത് സർക്കാർ സംവിധാനങ്ങളിൽ നിന്നും ദൂരേക്ക് നിർത്തപ്പെട്ട, വാല്യക്കാരായി മാത്രം കണക്കാക്കപ്പെട്ട ഒരു സമൂഹത്തെ അധികാര സ്ഥാനങ്ങളിലേക്കും, രാജ്യത്തെ നയിക്കാനുമുള്ള അവസരങ്ങളിലേക്ക് കൈ പിടിച്ച് ഉയർത്തി കൊണ്ട് വരുകായാണ്.
എന്നാൽ ഹിന്ദു മൗലീകവാദം നില നിർത്താൻ ശ്രമിക്കുകയും, മസ്ജിദുകളുടെ മുകളിൽ തങ്ങളുടെ കൊടികളെ ഉയർത്താൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഈ ദുഷ്ട ശക്തികൾ ജാതി സമ്പ്രദായം നില നിർത്താനും, അതിന് വേണ്ടി പ്രയത്‌നിക്കുകയും ചെയ്യുന്നു. ഇത്തരം തീവ്ര വാദികളെ തിരിച്ചറിയുക അവരുടെ ചിന്താഗതികളെ മനസ്സിലാക്കുക. ഇന്ന് ഈ വിഷയങ്ങൾ എല്ലാം ഒന്നിച്ച് വന്നിരിക്കുകയാണ്. അത് കൊണ്ട് ഞാൻ പറയുകയാണ്, മസ്ജിദ് അവിടെ തന്നെ ഉണ്ടാകും, അമ്പലം പണിയപ്പെടുകയും ചെയ്യും.