Thursday, November 21, 2024
spot_imgspot_img
HomeKeralaപൊലീസിലെ ക്രിമിനലുകൾക്കെതിരെ സമഗ്രാന്വേഷണം നടത്തി നടപടി സ്വീകരിക്കണം: എഐവൈഎഫ്

പൊലീസിലെ ക്രിമിനലുകൾക്കെതിരെ സമഗ്രാന്വേഷണം നടത്തി നടപടി സ്വീകരിക്കണം: എഐവൈഎഫ്

പി വി അൻവർ എം എൽ എ കേരള പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസിലെ ക്രിമിനലുകളെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എഐവൈഎഫ്. ക്രിമിനലുകളും കൊലപാതകികളുമടക്കമുള്ള ചിലർ പൊലീസ് തലപ്പത്ത് സ്വൈര്യ വിഹാരം നടത്തുകയാണെന്നും ക്രമസമാധാന പാലനത്തിന് ഉപയോഗിക്കേണ്ട രഹസ്യ വിവര ശേഖരണ സംവിധാനത്തെ പോലും ദുരുപയോഗം ചെയ്യുന്നുവെന്നുമുള്ള ആരോപണങ്ങൾ അതീവ ഗൗരവത്തോടെ തന്നെ സർക്കാർ കാണേണ്ടതുണ്ടെന്നും എഐവൈഎഫ് പ്രസ്ഥാവനയിലൂടെ അറിയിച്ചു.

ക്രമ സമാധാന ചുമതലയുള്ള എ ഡി ജി പി മന്ത്രിമാരുടേതടക്കം ഫോൺ കോളുകൾ ചോർത്തുന്നുവെന്നും എസ് പി സുജിത്ത് ദാസ് കസ്റ്റംസിലുള്ള ബന്ധം ഉപയോഗിച്ച് വിമാനത്താവളത്തിൽ സ്വർണ്ണം കടത്തുന്നുവെന്നുമുള്ള അൻവറിന്റെ ആരോപണവും ഞെട്ടിക്കുന്നതാണ്. ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ പോലീസ് നയത്തിന് വിരുദ്ധമായുള്ള സേനയിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇട പെടലുകൾ സർക്കാരിന് കളങ്കമുണ്ടാക്കുന്നതായി എഐവൈഎഫ് മുൻപ് അഭിപ്രായപ്പെട്ടിരുന്നു.

പൊലീസിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ വർദ്ധിക്കുന്നുവെന്നും പൗരാവകാശങ്ങൾക്ക് മേൽ സ്വേച്ഛാധികാരം പ്രയോഗിക്കാനുള്ള സംഘമാക്കി ചിലപ്പോഴെങ്കിലും പൊലീസിനെ ദുരുപയോഗം ചെയ്യുന്നുവെന്നും പലപ്പോഴായി സംഘടന നിലപാട് പറഞ്ഞിട്ടുണ്ട്.നിയമ പാലനം നടത്തേണ്ടവർ തന്നെ ക്രിമിനലുകൾ ആകുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകരുത്. ഭരണകൂടത്തിന്റെ അടിച്ചമർത്തലിനുള്ള ഉപകരണം എന്ന നിലയിൽ നിന്ന് പോലീസ് സംവിധാനത്തിന് പരിവർത്തനം വരുത്തിയതും നീതിയുക്തമായി ഇടപെടുന്നതിന് അനുയോജ്യമായ രീതിയിൽ ജനപക്ഷ സമീപനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരു പുതിയ പൊലീസ് നയം പ്രഖ്യാപിച്ചതും കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാറാണ്.

ജനാധിപത്യ ഭരണസംവിധാനത്തിന്റെ അവിഭാജ്യ ഘടകമാണ് തങ്ങളെന്നും മറ്റു ഭരണകൂട സംവിധാനങ്ങളെ പോലെ തന്നെ ജനങ്ങളുടെ സേവകരാണെന്നുമുള്ള മനോഭാവം പൊലീസുകാരിൽ സൃഷ്ടിക്കപ്പെട്ടു തുടങ്ങിയത് കേരളത്തിലെ ഇടത് പക്ഷ സർക്കാറുകളുടെ നയങ്ങളുടെ ഭാഗമായി തന്നെയായിരുന്നു. എന്നാൽ ഇടത് സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്ന വിധത്തിലുള്ള നടപടികൾ ചില കേന്ദ്രങ്ങളിൽ നിന്ന് ആവർത്തിച്ചുണ്ടാകുന്നത് സർക്കാർ ജാഗ്രതയോടെ കാണണം.

സ്ഥിരമായി ഗുരുതര കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്ന കേരള പോലിസ് ആക്ട് സെക്ഷൻ 86 ഫലപ്രദമായി നടപ്പാക്കാൻ തയ്യാറാകണം. നിലവിൽ ആരോപണ വിധേയനായ എ ഡി ജി പി യെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്തിക്കൊണ്ടുള്ള സമഗ്രാന്വേഷണം സർക്കാർ പ്രഖ്യാപിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും ആവശ്യപ്പെട്ടു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares