Saturday, May 24, 2025
spot_imgspot_img
HomeEditors Picksഎ കെ ആന്റണിയുടെ പൊലീസ് നടത്തിയ നരനായാട്ട്: എന്തായിരുന്നു മുത്തങ്ങ സമരം?

എ കെ ആന്റണിയുടെ പൊലീസ് നടത്തിയ നരനായാട്ട്: എന്തായിരുന്നു മുത്തങ്ങ സമരം?

മുത്തങ്ങ ഭൂസമരവും വെടിവെപ്പും പ്രമേയമായിട്ടുള്ള ‘നരിവേട്ട’ സിനിമയുടെ പശ്ചാത്തലത്തിൽ വീണ്ടും വാർത്തകളിൽ നിറയുകയാണ് മുത്തങ്ങ സംഭവം. കിടപ്പാടത്തിനായുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ പോരാട്ടത്തിനു മേൽ അന്ന് ഭരണ കൂട ഭീകരത നിറഞ്ഞാടിയപ്പോൾ ചിതറിവീണ ചോരപ്പാടുകളിൽ ഇന്നും മുഴങ്ങുന്നത് ദൈന്യതയുടെ രോദനങ്ങൾ മാത്രം.

വയനാട് ജില്ലയിലെ വിവിധ ഗോത്ര ഊരുകളിൽ നിന്നുള്ള 825 കുടുംബങ്ങളിലെ നാലായിരത്തോളം പേരാണ് മുത്തങ്ങ
ഭൂ സമരത്തിൽ പങ്കെടുത്തത്. ആന്റണി സർക്കാർ അധികാരത്തിൽ വന്ന ശേഷം ആദിവാസികൾക്ക് സ്വന്തമായി ഭൂമി നൽകണമെന്നാവശ്യപ്പെട്ട് സി കെ ജാനുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നിൽ ആദിവാസികൾ 48 ദിവസം കുടിൽ കെട്ടി സമരം ചെയ്യുകയും തുടർന്ന് സർക്കാരുമായുണ്ടാക്കിയ ധാരണപ്രകാരം സമരം അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു.

ആദിവാസികൾക്ക് കൃഷി ചെയ്യാനായി 5 ഏക്കർ ഭൂമിവീതം നൽകാമെന്നായിരുന്നു അന്നത്തെ കരാർ. എന്നാൽ കൃഷിഭൂമി നൽകുന്നതിൽ സർക്കാർ പിന്നീട് വീഴ്ചവരുത്തി. അത് ആദിവാസികളെ വീണ്ടും സമരത്തിലേക്ക് നയിക്കുകയും ജാനുവിന്റെ നേതൃത്വത്തിൽ വീണ്ടും ആദിവാസികൾ മുത്തങ്ങയിലെത്തി അവരുടെ ഊര്‌ സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു. 2003 ജനുവരി 5-ന്‌ അങ്ങനെ അവർ വനഭാഗം കയ്യേറി. സി.കെ. ജാനുവിനോടൊപ്പം എം. ഗീതാനന്ദനും സമരത്തിന് നേതൃത്വം നല്‍കി.

1914-ലെ ബ്രിട്ടീഷുകാരുടെ സർക്കാർ ഓർഡറിൽ, പണിയ, കാട്ടുനായ്ക്ക സമുദായത്തിൽ പെട്ട ആദിവാസികൾക്ക് മുത്തങ്ങ ഭൂമിയിൽ പാരമ്പര്യ അവകാശമുള്ളതായി പറഞ്ഞിട്ടുണ്ട്. 1960കളിൽ ഇവിടെ നിന്ന്​ ആദിവാസികളെ കുടിയിറക്കി. 1963-ലെ ഭൂപരിഷ്‌കരണ നിയമമനുസരിച്ച് മിച്ചഭൂമിയായി പിടിച്ചെടുത്ത ഈ ഭൂമി 1971-ലെ ‘വെസ്റ്റിംഗ് ആൻഡ് അസൈൻമെൻറ്​ ആക്ടി’ൽ ഉൾപ്പെടുത്തി റവന്യൂ ഫോറസ്റ്റായി നിശ്ചയിച്ചു.

മാധവമേനോന്റെ നേതൃത്വത്തിലുള്ള കമീഷനാണ് മുത്തങ്ങ പ്രദേശത്തുള്ള 12,000 ഏക്കർ ഭൂമി ‘വെസ്റ്റിംഗ് ആൻഡ് അസൈൻമെൻറ്​ ആക്ടി’ൽ ഉൾപ്പെടുത്തിയത്. ഇങ്ങനെ പിടിച്ചെടുക്കുന്ന ഭൂമിയുടെ 50 ശതമാനം ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചു കൊടുക്കണമെന്ന് ഈ നിയമത്തിലുണ്ട്. ഈ വ്യവസ്ഥയനുസരിച്ച് 12,000 ഏക്കറിൽ 6000 ഏക്കർ ആദിവാസികൾക്ക് നിരുപാധികം വിട്ടുകൊടുക്കേണ്ടതാണ്.

ഇങ്ങനെയും മുത്തങ്ങയിലെ ഭൂമിയിൽ ആദിവാസികൾക്ക് അവകാശമുണ്ട്. ബിർളയുടെ യൂക്കാലിപ്​റ്റസ്​ തോട്ടത്തിനായി,​ 1975-1980 കളിൽ ഇവിടെ അവശേഷിച്ചിരുന്ന ആദിവാസി കുടുംബങ്ങളെ പൂർണമായും കുടിയൊഴിപ്പിച്ചു. മുത്തങ്ങയിലേക്ക് തിരിച്ചുചെന്നവരിലേറെപ്പേരും ആ ഭൂമിയിൽ പാരമ്പര്യാവകാശങ്ങളുള്ളവരായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ കുടിൽ കെട്ടി സമരം നടത്താൻ ആദിവാസി വിഭാഗം തീരുമാനിച്ചത്.

ജനുവരി അഞ്ചിന് മുത്തങ്ങ വനഭൂമിയില്‍ കുടില്‍ കെട്ടി സമരം ചെയ്ത ആദിവാസികള്‍ക്ക് നേരെ ആന്റണിയുടെ പൊലീസ് സമാനതകളില്ലാത്ത മർദന രീതികൾ അഴിച്ചുവിടുകയായിരുന്നു. ഭൂസമരം ആരംഭിച്ച് 48 ദിവസങ്ങള്‍ കഴിഞ്ഞാണ് പോലീസിന്റെ കിരാത വാഴ്ച അരങ്ങേറുന്നത്. പോലീസ് വെടിവെപ്പില്‍ ആദിവാസി യുവാവ് ജോഗി മരിച്ചു. പോലീസ് ഉദ്യോഗസ്ഥന്‍ വിനോദും സംഘര്‍ഷങ്ങള്‍ക്കിടെ കൊല്ലപ്പെട്ടു.

ആദിവാസികള്‍ക്ക് നേരെ പോലീസ് ഗ്രനേഡ് എറിഞ്ഞും അവര്‍ കെട്ടിയ പുല്‍ക്കുടിലുകള്‍ നശിപ്പിച്ചും സംഹാര താണ്ഡവമാടി.
സ്ത്രീകളും കുട്ടികളുമടക്കമുള്ള അനേകം പേര്‍ക്ക് അതി ഭീകരമായി മര്‍ദനമേറ്റു.

പൊലീസ്​ നടത്തിയ അതിക്രൂരമായ ആദിവാസി വേട്ടയിൽ, കസ്റ്റഡിയിലെ മാനസിക- ശാരീരിക പീഡനത്തെതുടർന്ന്​ നിരവധി ആളുകൾ മരിച്ചതായി സമര സമിതി നേതാക്കൾ പിന്നീട് ആരോപിച്ചിരുന്നു. അത് പോലെ ഇന്നും പൊലീസ്​ മർദ്ദനത്തിന്റെ ദുരിതം പേറുന്നവർ നിരവധിയാണ്. അംഗവൈകല്യം സംഭവിച്ചവരും ഗുരുതര പരിക്കേറ്റവരുണ്ട്. അവരിൽ പലരും ജീവച്ഛവങ്ങളായി ഇന്നും നില കൊള്ളുന്നു.

പോലീസ് ഭീകരത യിൽ നിന്ന് രക്ഷ നേടാൻ ഒമ്പതുമാസം പ്രായമുള്ള കൈകുഞ്ഞുമായി കാട്ടിലേക്ക് ഓടിപ്പോവേണ്ടി വന്ന പുലിതൂക്കി കോളനിയിലെ മാളുവിന്റെ അനുഭവം ആരുടേയും കണ്ണ് നനയ്ക്കും. വഴി തെറ്റി ദിവസങ്ങളോളം കാട്ടിൽ അകപ്പെട്ടു പോയ അവശതയിലായ അമ്മയെയും കുഞ്ഞിനെയും നാട്ടുകാർ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോകാൻ സർക്കാർ ആശുപത്രിയിൽ വാഹനം വിട്ടുകൊടുക്കാൻ പോലും മടിച്ച സാഹചര്യം അന്നുണ്ടായി.

കുഞ്ഞിനെ അടക്കിയ ഉടൻ മുത്തങ്ങ സമരത്തിന്റെ പേരിൽ മാളുവിനെ പൊലീസ്​ അറസ്റ്റുചെയ്തു. കുഞ്ഞിന്റെ മരണവും, ഭാര്യയുടെ അറസ്റ്റും മാനസികമായി തകർത്തുകളഞ്ഞ ഭർത്താവ് നാരായണനും ഏറെ താമസിയാതെ മരണ മടയുകയായിരുന്നു. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസ് മര്‍ദ്ദനങ്ങള്‍ക്കിരയായ എഴുത്തുകാരനും സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ ലെക്ചററുമായിരുന്ന കെ.കെ. സുരേന്ദ്രന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഈയിടെ കോടതി വിധിച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത ആദിവാസികള്‍ക്ക് ക്ലാസെടുത്തെന്നും അവരെ അക്രമത്തിന് പ്രേരിപ്പിച്ചെന്നും ആരോപിച്ചാണ് കെ.കെ. സുരേന്ദ്രനെ പൊലീസ് അന്ന് അറസ്റ്റ് ചെയ്ത് വലിച്ചിഴച്ച് കൊണ്ടുപോയത്.

തുടർന്ന് അത്യന്തം ഭീകരമായ പോലീസ് മർദ്ദനങ്ങൾക്കാണ് സുരേന്ദ്രൻ ഇരയായത്. മർദ്ദനത്തിൽ ഒരു ചെവിയുടെ കേള്‍വി ശക്തി തന്നെ നഷ്ടപ്പെട്ട സുരേന്ദ്രന്‍ നിരപരാധിയാണെന്ന് സി.ബി.ഐ പിന്നീട് കണ്ടെത്തുകയായിരുന്നു. മുത്തങ്ങ സന്ദർശനത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്ക് എഴുതിയ കത്തിൽ അരുന്ധതി റോയി സമരവും അനന്തരമുള്ള പോലീസ് നടപടികളും ആദിവാസി സമൂഹത്തിന്നിടയിൽ സൃഷ്ടിച്ച ആഘാതത്തെ വരച്ചു കാട്ടുന്നുണ്ട്.

“യൂക്കാലിതോട്ടം പൂർവ്വരീതിയിലാക്കാനുള്ള വ്യഗ്രതയിൽ കൊന്നൊടുക്ക മാത്രമല്ല, വെടിവയ്പുകളുടെ ഇടവേളയിൽ പോലീസ് സംഘം അവിടെവച്ചു ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. ‘പാരിസ്ഥിതിക സംവേദനക്ഷമത’ യേറിയ യുദ്ധഭൂമിയിൽ ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് കപ്പുകളും പ്ളേറ്റുകളും ഒരു കഥ പറയുന്നുണ്ട്. രാഷ്ട്രസേവകരുടെ ഒരു നേരത്തെ ഭക്ഷണം ഒരായിരം ആദിവാസി കുടുംബങ്ങളുടെ വീടുകളും വസ്തുവകകളുമൊക്കെ ഉണ്ടാക്കിയതിനേക്കാൾ ജൈവഅപചയ സാധ്യതയില്ലാത്ത ഉച്ഛിഷ്ടങ്ങളാണ് ബാക്കിയാക്കിയത്.”

അന്തിയുറങ്ങാൻ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി സമരം ചെയ്ത ആദിവാസി വിഭാഗത്തോട് സ്വയം പ്രഖ്യാപിത ആദർശ ധീരന്റെ ഭരണ കൂടം കാണിച്ച കൊടും ക്രൂരത കേരളം അർഹിക്കുന്ന പ്രാധാന്യത്തോടെ ഇന്നും ചർച്ച ചെയ്തിട്ടില്ല എന്നതാണ് വാസ്തവം.
മറവിയുടെ ആഴങ്ങളിലേക്ക് എത്ര തന്നെ മുത്തങ്ങയെ ആഴ്ത്തിക്കളയാൻ ശ്രമിച്ചാലും മറവികൾക്കെതിരെയുള്ള ഓർമ്മകളുടെ സമരം ഉയർന്നു വരിക ചെയ്യും.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares