ബംഗളൂരു: വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി യുവതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മാനസി സതീബൈനു(31)ആണ് അറസ്റ്റിലായത്. ഫെബ്രുവരി മൂന്നിന് ബംഗളൂരു കെംപഗൗഡെ അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ചായിരുന്നു യുവതിയുടെ ബോംബ് ഭീഷണി.
കൊൽക്കത്തയിലേക്ക് പോകാനായി 6ഇ445 എന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു യുവതി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ഇവർ എത്തിയപ്പോൾ വിമാനത്തിന്റെ ബോർഡിംഗ് സമയം അവസാനിച്ചിരുന്നു. ആറാം നമ്പർ ബോർഡിംഗ് ഗേറ്റിന് സമീപത്തെത്തി ഇവർ തന്നെ അകത്ത് കയറ്റണമെന്നാവശ്യപ്പെട്ടു. ബോർഡിംഗ് ഗേറ്റിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ബോർഡിംഗ് സമയം കഴിഞ്ഞതിനാൽ ഇനി കയറാനാകില്ലെന്ന് അറിയിച്ചു.
തുടർന്ന് ഇവർ ബഹളംവച്ച് ബോർഡിംഗ് ഗേറ്റിനടുത്തേക്ക് നീങ്ങുകയും വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും, ഓടി രക്ഷപ്പെടാൻ മറ്റുള്ള യാത്രക്കാരോട് വിളിച്ചു പറയുകയും ചെയ്തു. തടയാൻ ശ്രമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ കോളറിന് പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഇവരെ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്ത് പൊലീസിന് കൈമാറുകയായിരുന്നു. ബംഗളൂരു ദേവനഹള്ളിയിലെ കോടതി യുവതിയെ ഫെബ്രുവരി 17 വരെ 11 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.