വീണാരാജൻ
നീതി നിനക്കുമുന്നിൽ തലകുനിക്കേണ്ടിവന്നാൽ നീ തീ ആകുവിൻ എന്ന് പറഞ്ഞ് പഴകിക്കൊണ്ടിരിക്കുന്ന വാചകം കടമെടുത്തു തന്നെ പറയാം കഴിഞ്ഞ ദിവസം ബിൽകിസ് ബാനു കൂട്ടബലാത്സംഗ കേസിൽ സുപ്രീംകോടതി വിധി ഇരയാക്കപ്പെട്ടവളുടെ അഗ്നിപോരാട്ടം തന്നെയാണ്. അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽക്കിസ് അടക്കം അഞ്ച് സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും 14 പേരെ കൊലപ്പെടുത്തുകയും ചെയ്‌ത കൊടുംക്രിമിനലുകളെ ജയിൽമോചിതരാക്കിയത് രാജ്യത്തെ മതനിരപേക്ഷ മനസ്സുകളെയാകെ ഞെട്ടിച്ചു. മതവെറിപിടിച്ച കൊലപാതികൾക്കായി ഒരു സംസ്ഥാന ഭരണകൂടം തന്നെ പരസ്യമായി രംഗത്തെത്തുകയും കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തെന്ന് സുപ്രീകോടതി വരെ ശരിവച്ചതാണ്. ശിക്ഷായിളവ് ചോദ്യംചെയ്‌തുള്ള ഒന്നിലേറെ ഹർജികൾ പരിഗണിച്ച സുപ്രീംകോടതി കുറ്റക്കാരെ വിട്ടയച്ചുള്ള ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് അസാധുവാക്കുകയും പ്രതികളോട് ശിക്ഷ തുടർന്നും അനുഭവിക്കാൻ നിർദ്ദേശിച്ചിരിക്കുകയുമാണ്.
ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ നേരിടാൻ സ്ത്രീശാക്തീകരണം എന്ന് വിളിച്ചോതുന്ന മോദിക്ക് സ്വന്തം സംസ്ഥാനത്ത് നടന്ന സംഭവം അറിയാതെ പോയാതാണോ? കേസ് തുടക്കംമുതൽ അട്ടിമറിക്കാനാണ് മോദിയുടെ ഭരണകാലത്ത് ഗുജറാത്ത് സർക്കാർ ശ്രമിച്ചത്. പൊലീസിന്റെ പക്ഷപാതപരമായ സമീപനം പ്രതികളെയെല്ലാം വിട്ടയക്കുന്നതിന് വഴിയൊരുക്കി. ബിൽക്കിസിന്റെ ഹർജി പരിഗണിച്ച സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ബിൽക്കിസ് ബാനുവിന് വധഭീഷണി വന്നശേഷം കേസ് വിചാരണ ഗുജറാത്തിൽനിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റി. ആറ് പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഡോക്ടറും അടക്കം 19 പേർക്കെതിരെ, മുംബൈ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഗർഭിണിയെ ബലാത്സംഗം ചെയ്യാനുള്ള ഗൂഢാലോചന, കൊലപാതകം, നിയവിരുദ്ധകൂടിച്ചേരൽ എന്നിവയ്ക്ക് കുറ്റാരോപിതരായ 11 പ്രതികളെയും 2008 ജനുവരിയിൽ മുംബൈ കോടതി ശിക്ഷിച്ചു. പ്രതികളെ സംരക്ഷിക്കാൻ വേണ്ടി തെറ്റായ രേഖകൾ നിർമിച്ചതിൽ ഹെഡ് കോൺസ്റ്റബിളും ശിക്ഷിക്കപ്പെട്ടു. തെളിവില്ലാത്തതിനാൽ മറ്റ് ഏഴ് പേരെ കോടതി വെറുതെവിട്ടു. വിചാരണക്കിടെ ഒരാൾ മരിക്കുകയും ചെയ്തു.
ജശ്വന്ത് നായ്, ഗോവിന്ദഭായ് നായ്, നരേശ് കുമാർ മോർദിയ എന്നിവർ ബിൽക്കിസിനെ പീഡിപ്പിച്ചുവെന്നും ഷൈലേശ് ഭട്ട് സലേഹയെ നിലത്തിട്ട് കൊന്നുവെന്നും കോടതി വിധിയെഴുതി. രാധേഷ്യം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് വൊഹാനിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, നിതേഷ് ഭട്ട്, രമേശ് ചന്ദന, ഹെഡ് കോൺസ്റ്റബിൾ സോമഭായ് ഗോരി തുടങ്ങിയവരാണ് മറ്റ് പ്രതികൾ.
2008ൽ 11 പ്രതികൾ കുറ്റക്കാരെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു. കേന്ദ്രത്തിൽ മോദി അധികാരത്തിൽ എത്തിയത് മുതൽ ഇവരെ ജയിൽമോചിതരാക്കാൻ നീക്കം തുടങ്ങി. 14 വർഷം ശിക്ഷ അനുഭവിച്ചത് ചൂണ്ടിക്കാട്ടി വിട്ടയക്കൽ അപേക്ഷയുമായി പ്രതികളിലൊരാൾ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. വിധിതീർപ്പുണ്ടായത് മഹാരാഷ്ട്രയിലായതിനാൽ അപേക്ഷ അവിടെയാണ് പരിഗണിക്കപ്പെടേണ്ടതെന്ന് ഹൈക്കോടതി വിധിച്ചു. സിബിഐ കോടതിയും കുറ്റക്കാരെ വിട്ടയക്കുന്നതിനോട് വിയോജിച്ചു. എന്നാൽ , ഇതെല്ലാം മറച്ചുവച്ച് കുറ്റക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും ഗുജറാത്ത് സർക്കാരിന് തീരുമാനം എടുക്കാമെന്ന വിധി സമ്പാദിക്കുകയും ചെയ്‌തു.
മോദി സർക്കാർ അധികാരത്തിലെത്തിയശേഷം വംശഹത്യാ കേസുകളിലെ കുറ്റക്കാരും പ്രതികളുമെല്ലാം പല രീതിയിൽ ജയിൽ മോചിതരാവുകയോ കുറ്റവിമുക്തരാക്കപ്പെടുകയോ ആണ്. ഏത് ഉന്നതനും നിയമത്തിനു അതീതനല്ല എന്ന അർഥംകൂടി നിയമവാഴ്‌ചയ്‌ക്കുണ്ടെന്നും ഈ തത്വം ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്നും ബിൽക്കിസ് ബാനു കേസിലെ വിധിതീർപ്പിൽ കോടതി പറഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന വംശഹത്യാ കേസുകളിലെ പ്രതികളെക്കൂടി നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കി ശരിയായ നിയമവാഴ്‌ച ഈ രാജ്യത്തുണ്ടെന്ന് സ്ഥാപിക്കുകയെന്ന ഉത്തരവാദിത്വംകൂടി സുപ്രീംകോടതിക്കുണ്ട്.
ഗുജറാത്ത് സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കേസ് അല്ലാത്തതിനാൽ പ്രതികളുടെ ശിക്ഷ ഇളവിനുള്ള അപേക്ഷ സ്വീകരിക്കാനോ ഉത്തരവ് പുറപ്പെടുവിക്കാനോ ഉള്ള അധികാരം സംസ്ഥാന സർക്കാരിന് ഇല്ലാതെയാണ് പ്രതികളെയെല്ലാം മോചിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ സൂപ്രീംകോടതിയിൽ നിന്ന് ഇങ്ങ നെയൊരു വിധിയുണ്ടായത് ഗുജറാത്ത് കലാപത്തിൻറെ മറവിൽ, തന്റെ അനുയായികൾ ചെയ്തു കൂട്ടിയ ബലാത്സംഗങ്ങളുടെയോ കൂട്ടക്കൊലകളുടെയോ പേരിൽ ഒരു മനസ്താപവും പ്രകടിപ്പിക്കാത്ത നരേന്ദ്ര മോദിയുടെ മുഖത്തേറ്റ അടികൂടിയാണ്.