ദേശീയ രാഷ്ട്രീയത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാനൊരുങ്ങുകയാണ് പി പി സുനീർ. രാജ്യ സഭയിൽ സിപിഐയുടെ നിലപാട് വിളിച്ചുപറയാൻ തയ്യാറെടുക്കുകയാണ് സുനീർ. പൊന്നാനി പരിച്ചകം സ്വദേശി പണിക്കവീട്ടിൽ പയ്യപ്പുള്ളി കുടുംബാംഗമാണ് മടയംപറമ്പിൽ പി.പി. സുനീർ. റിട്ട. അധ്യാപകനായ പി.പി. അബൂബക്കറിന്റെയും പി.എൻ. ആയിഷാബിയുടെയും പുത്രൻ. മലബാറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിച്ച കൊളാടി തറവാടിനൊപ്പം എടുത്തുപറയേണ്ട മറ്റൊരു തറവാടായ പണിക്കവീട്ടിൽ പയ്യപ്പുള്ളിൽ. 1990-ൽ കേരളവർമ കോളേജിൽനിന്ന് എഐഎസ്എഫിലൂടെ സുനീർ വിദ്യാർത്ഥി രാഷ്‌ട്രീയത്തിലേക്ക് കടന്നെത്തി. കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ രണ്ട് പ്രവശ്യം വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് യുവജന സംഘടനയായ എഐവൈഎഫിലും പ്രവർത്തിച്ചു.
സിപിഐ മലപ്പുറം ജില്ലാ എക്സിക്യുട്ടീവ് അംഗം, ജില്ലാ അസി. സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം, സംസ്ഥാന അസി. സെക്രട്ടറി, കേന്ദ്ര കമ്മിറ്റിയംഗം തുടങ്ങിയ പദവികൾ വഹിക്കാൻ അദ്ദേഹത്തിനു സാധിച്ചു. നിലവിൽ കേരള ഭവനനിർമാണ ബോർഡ് ചെയർമാനാണ്. 2005-10 കാലയളവിൽ മാറഞ്ചേരി ഡിവിഷനിൽനിന്ന് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് ജില്ലാ പഞ്ചായത്തംഗമായി. 1999-ൽ മുസ്‌ലിംലീഗിലെ ജി.എം. ബനാത്ത് വാല, 2004-ൽ ഇ. അഹമ്മദ് എന്നിവർക്കെതിരേ പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ചു. 2019 -ൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരേയും മത്സരിച്ചു.
56-കാരനായ സുനീർ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഭാര്യ ഷാഹിന അധ്യാപികയാണ്. മക്കൾ: ഡോ. റിയാന എം. സുനീർ, ലിയാന എം. സുനീർ (ബെംഗളൂരു ക്രൈസ്റ്റ് കോളേജ് ബികോം അവസാന വർഷ വിദ്യാർത്ഥി), സൻജിത് എം. സുനീർ (തിരുവനന്തപുരം മുക്കോലക്കൽ സെയ്ന്റ് തോമസ് ഹൈസ്കൂൾ വിദ്യാർത്ഥി).