ഡൽഹി: ആധാർ കാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരി രഞ്ജന സോനാവാനെ കേന്ദ്ര സർക്കാരിന്റെ അടിസ്ഥാന ക്ഷേമപദ്ധതികളിൽ നിന്നെല്ലാം അയോഗ്യ.
ആധാർ കാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരിയായി പതിനഞ്ച് വർഷങ്ങൾക്ക് ശേഷവും, സർക്കാർ നൽകുന്ന അടിസ്ഥാന ക്ഷേമപദ്ധതികൾ പോലും രഞ്ജന സോനാവാനെയ്ക്ക് ലഭ്യമല്ലെന്ന് റിപ്പോർട്ട്.
മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിലെ തെംഭ്ലി ഗ്രാമത്തിൽ താമസിക്കുന്ന 54 കാരിയെ ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന്റെ കീഴിലുള്ള ലഡ്കി ബഹിൻ പദ്ധതിയിൽ നിന്നുവരെ പുറത്താക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്.
പദ്ധതി പ്രകാരം പ്രതിമാസം 1,500 രൂപ സ്റ്റൈപ്പൻഡ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നുണ്ടെന്ന് സർക്കാർ ഉദ്യോഗസ്ഥർ തറപ്പിച്ചുപറയുന്നുണ്ടെങ്കിലും സോനാവാനെ ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ബാങ്കുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അവരുടെ കുടുംബം ആവർത്തിച്ച് അന്വേഷണം നടത്തി.
സോനാവാനെയുടെ കേസ് ഇത്തരം കേസുകളിൽ ഒന്നു മാത്രം. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലെ സാങ്കേതികവും ഉദ്യോഗസ്ഥ വൃന്ദങ്ങളുൾപ്പെടെ ഉണ്ടാക്കുന്ന ചുവപ്പ് നാടയിൽ കുടുക്കി ആയിരക്കണക്കിന് മഹാരാഷ്ട്രയിലെ ഗ്രാമീണ സ്ത്രീകൾക്കാണ് ക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ നിന്നും തടഞ്ഞു വച്ചിരിക്കുന്നത്.
2010ൽ സോനാവാനെ സർക്കാർ സബ്‌സിഡികളും ക്ഷേമ പദ്ധതികളും സുഗമമാക്കുമെന്ന് വാഗ്ദാനം ചെയ്ത ഒരു ഡിജിറ്റൽ ഐഡന്റിറ്റി സിസ്റ്റമായ ആധാറിന്റെ മുഖമായി മാറി. എന്നാൽ ഒരു ദശാബ്ദത്തിലേറെയായി ഈ സംവിധാനം അത് ശാക്തീകരിക്കാൻ ഉദ്ദേശിച്ചവർക്ക് ഗുണമുണ്ടാക്കുന്നില്ലെന്ന് സോനാവാനെയുടെ അനുഭവത്തിൽ നിന്ന് മനസിലാക്കും.