ടി കെ മുസ്തഫ വയനാട്
2007 ഡിസംബർ 22 ന് മുട്ടിലിൽ വെച്ച് നടന്ന എ ഐ എസ് എഫ് വയനാട് ജില്ല സമ്മേളനത്തിലാണ് സഖാവ് സൂസൻ പി കുഞ്ഞുമോൻ എന്ന പേര് ആദ്യമായി ഞാൻ കേൾക്കുന്നത്. എന്റെ പ്രഥമ ജില്ല സമ്മേളനമായിരുന്നു അത്. സമ്മേളന നഗരിക്ക് സഖാവിന്റെ പേരായിരുന്നു നൽകിയിരുന്നത്.
പിന്നീട് 2008 ൽ എറണാകുളത്തും 2009 ൽ കൊല്ലത്തും വെച്ച് നടന്ന സംസ്ഥാന സമ്മേളനങ്ങളിലും ‘സഖാവ് സൂസൻ’ നിറഞ്ഞു നിന്നു. ആലപ്പുഴ സഖാക്കൾ സൂസൻ പി കുഞ്ഞുമോൻ എന്ന പേര് ഒരു വികാരമായാണ് കൊണ്ടു നടന്നിരുന്നത് എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. സൂസൻ അവർക്കന്നും ആവേശമായിരുന്നു. അത് കൊണ്ട് തന്നെ സഖാവ് സൂസൻ പി കുഞ്ഞുമോൻ ആരായിരുന്നുവെന്നും എന്താണവരുടെ പ്രത്യേകതയെന്നും പഠിക്കാനുള്ള ആഗ്രഹം അന്ന് തൊട്ടേ എനിക്കുണ്ടായിരുന്നു.
ആരാണ് സൂസൻ? എന്താണ് സഖാവിന്റെ പ്രത്യേകത? എന്ത് കൊണ്ടാണ് സഖാവിന്റെ വേർപാട് എസ് എഫ് സഖാക്കൾക്കിടയിൽ ഇത്ര മാത്രം ചർച്ച ചെയ്യപ്പെടുന്നത്?
വർഷങ്ങളോളം ഞാൻ ആകാംക്ഷയോടെ പലരോടും ചോദിച്ച ചോദ്യമാണ്. എന്നാൽ എന്റെ സംശയത്തിന് വ്യക്തമായ മറുപടി കിട്ടിയത് പ്രിയ സഖാവ് ജിസ്‌മോനിൽ നിന്നാണ്. കഴിഞ്ഞ വർഷം സൂസന്റെ ഓർമ്മ ദിവസത്തിന്റെ പിറ്റേന്ന് സഖാവ് തിരുവനന്തപുരത്തുണ്ടായിരുന്നു. സൂസനുമായി ബന്ധപ്പെട്ട ചർച്ചകൾ കടന്ന് വന്നപ്പോൾ ഞാൻ ആകാംക്ഷയോടെ ചോദിച്ചു. ” സഖാവെ, സഖാവ് സൂസൻ പി കുഞ്ഞുമോന്റെ വേർ പാട് എ ഐ എസ് എഫ് സഖാക്കൾ പ്രത്യേകിച്ച് സഖാവിന്റെ ജില്ലക്കാർ ഇത്ര വൈകാരികമായി കൊണ്ട് നടക്കുന്നതിന്റെ കാരണമെന്താണ്? എന്തായിരുന്നു അവരുടെ പ്രത്യേകത?
അനന്തരം സഖാവ് ജിസ്‌മോൻ സൂസനെ കുറിച്ച് എന്നോട് വാചാലനായി, സൂസന്റെ ബാല്യം, കുടുംബം, രാഷ്ട്രീയം, ചിന്തകൾ, കാഴ്ചപ്പാടുകൾ എല്ലാം പ്രസ്തുത ചർച്ചയിൽ കടന്നു വന്നു. സംസാരം അവസാനിപ്പിച്ച് സഖാവ് റൂമിലേക്ക് മടങ്ങിയെങ്കിലും സഖാവിൽ നിന്നുമറിഞ്ഞ സൂസൻ എന്നിൽ സൃഷ്ടിച്ച നൊമ്പരം വിട്ടു മാറിയിരുന്നില്ല. എന്താണെന്നറിയില്ല, സഖാവ് സൂസൻ അന്ന് എന്റെ കണ്ണുകളെ നനയിച്ചു. ഒരു എളിയ എഴുത്തുകാരൻ എന്ന നിലയിൽ എഴുതുന്നതിനോട് പൂർണ്ണമായും നീതി പുലർത്തണമെന്ന് എനിക്ക് എന്നും നിർബന്ധമുണ്ട്.
കാര്യങ്ങൾ കൃത്യമായി പഠിച്ചു മാത്രമേ ഞാൻ എഴുതാറുള്ളൂ. അത് കൊണ്ട് തന്നെയാണ് ഇത്രയുംകാലം സഖാവ് സൂസനെ കുറിച്ച് ഒന്നും പറയാതിരുന്നത്. എന്നാൽ സഖാവിനെ പഠിച്ച ശേഷമുള്ള ആദ്യ ഓർമ്മ ദിനം അടുത്ത് വരുമ്പോൾ ഒട്ടും അതിശയോക്തിയില്ലാതെ ഹൃദയത്തിൽ നിന്ന് ചിലത് പറയാൻ ഇന്ന് കഴിയും.
വിദ്യാർത്ഥി രാഷ്ട്രീയ ജീവിതത്തിൽ തികഞ്ഞ സാമൂഹ്യ ലക്ഷ്യ ബോധം പ്രദർശിപ്പിച്ച സൂസൻ തന്റെ ആദർശത്തെ അക്കാദമിക ചർച്ചകളിൽ മാത്രം ഒതുക്കാൻ ശ്രമിക്കാതെ മറ്റൊരാളുടെ ഹൃദയത്തിൽ കടക്കാനും അവരുടെ ജീവിതം പ്രസ്ഥാനത്തിന് സമർപ്പിക്കാൻ കഴിയും വിധം പ്രചോദിപ്പിക്കാനും ശ്രമിച്ചിരുന്നു. മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സാമൂഹികവൽക്കരണം ബാല്യം മുതൽ മുഖ മുദ്രയാക്കിയ സഖാവ് തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ബോധത്തിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന പ്രതിബദ്ധതയുള്ള തലമുറയെ സൃഷ്ടിക്കുകയാണ് എ ഐ എസ് എഫിന്റെ പ്രധാനലക്ഷ്യമെന്നും തിരിച്ചറിഞ്ഞിരുന്നു.
കായംകുളം എംഎസ്എം കോളേജ് യൂണിയൻ വൈസ് ചെയർമാൻ, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം,ജില്ലാ വൈസ് പ്രസിഡൻ്റ്, വിദ്യാർത്ഥിനി വേദി ജില്ലാ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോഴെല്ലാം തന്നെ ശരിയായ വിദ്യാർത്ഥി രാഷ്ട്രീയത്തെ ഉയർത്തിക്കൊണ്ടു വരാനുള്ള സമ്പൂർണ്ണ ജാഗ്രത പ്രിയ സഖാവ് സൂസൻ പുലർത്തി. പണമുള്ളവർക്കു മാത്രം വിദ്യാഭ്യാസമെന്ന കച്ചവടവൽക്കരണത്തിന്റെ മുദ്രാവാക്യത്തിന്നെതിരെ ആലപ്പുഴയുടെ തെരുവോരങ്ങളിൽ സഖാവ് നേതൃത്വം നൽകിയത് തീക്ഷ്ണമായ പ്രക്ഷോഭ പരമ്പരകൾക്കായിരുന്നു.
വിദ്യാ വാണിഭത്തിന്നെതിരെ സമരങ്ങൾ സംഘടിപ്പിക്കുന്നതിനോടൊപ്പം സാംസ്‌കാരിക മുന്നേറ്റം സൃഷ്ടിക്കുവാനാവശ്യമായ പ്രവർത്തനങ്ങളിലും ബദ്ധ ശ്രദ്ധാലുവായിരുന്നു സഖാവ്. ഭൂത കാലത്തിന്റെ ചരിത്ര പരമായ ആവിഷ്കാരം അത് യഥാർത്ഥത്തിൽ എങ്ങനെയായിരുന്നു എന്ന കണ്ടെത്തലിലല്ല മറിച്ച് ഘോരമായ ഒരാപത്തിന്റെ നിമിഷത്തിൽ മിന്നി മറയുന്ന ഒരോർമ്മയെ കയ്യെത്തിപ്പിടിക്കലാണെന്നഭിപ്രായപ്പെട്ടത് വാൽട്ടർ ബെഞ്ചമിനാണ്. അതെ, പ്രിയ സഖാവിന്റെ അകാലത്തിലെ വിയോഗം സൃഷ്ടിച്ച വേദന വിവരണാതീതം തന്നെയാണ്. എന്നാൽ സഹതാപത്തിന്റെ വാക്കുകളല്ല മറിച്ച് പോരാട്ടത്തിന്റെ ചിന്തകൾ തന്നെയാണ് പ്രിയ സൂസൻ ഇഷ്ടപ്പെടുക എന്നാണ് എന്റെ വിലയിരുത്തൽ. കാരണം പകരം വെക്കാനില്ലാത്ത അനുഭവ തീക്ഷ്‍ണതകളായിരുന്നല്ലോ സഖാവിന്റെ ജീവിതം സമാനതകളില്ലാത്ത പോരാട്ട വീര്യത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക്
18 വയസ്സ്.
മരണമില്ലാത്ത സ്മരണകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു…. ലാൽസലാം സഖാവേ.