തിരുവനന്തപുരം: തന്നെ പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ കോടതിയിൽ പറഞ്ഞു. നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിലാണ് ഗ്രീഷ്മ നേരത്ത പൊലീസിനു നൽകിയ മൊഴി മാറ്റിപ്പറഞ്ഞത്.
അട്ടക്കുളങ്ങര ജയിലിൽ പാർപ്പിച്ചിട്ടുള്ള ഗ്രീഷ്മയെ റിമാൻഡ് കാലാവധി തീരുന്നതിനാൽ കഴിഞ്ഞ ദിവസം ഓൺലൈൻ ആയി കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ സമയത്ത് ചില കാര്യങ്ങൾ കോടതിയെ അറിയിക്കാനുണ്ടെന്ന് ഗ്രീഷ്മ പറഞ്ഞു. തുടർന്ന് നേരിട്ടു ഹാജരാക്കുകയായിരുന്നു. ഷാരോൺ വധത്തിൽ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും ഗ്രീഷ്മ പറഞ്ഞു. ഇക്കാര്യം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.
എന്നാൽ ഷാരോണിനെ ഇതിനു മുമ്പ് കോളജിൽ വച്ചും വധിക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. കൊലപ്പെടുത്തുന്നതിനായി ജ്യൂസിൽ ഡോളോ ഗുളികകൾ കലക്കി നൽകിയെന്ന് ഗ്രീഷ്മ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്.
ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളജിന്റെ ശുചി മുറിയിൽ വച്ചാണ് ജൂസിൽ ഗുളികൾ കലർത്തിയത്. ഇതിനായി ഡോളോ ഗുളികകൾ തലേന്ന് തന്നെ കുതിർത്ത് കൈയ്യിൽ കരുതി. ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. തുടർന്ന് ഗുളിക കലക്കിയ ജ്യൂസ് കുടിക്കാൻ നൽകി. എന്നാൽ ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോൺ ഇത് തുപ്പിക്കളഞ്ഞു. ഇതോടെയാണ് പദ്ധതി പാളിയതെന്ന് ഗ്രീഷ്മ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.