Friday, April 4, 2025
spot_imgspot_img
HomeEditors Picksഅച്യുത മേനോൻ ആധുനിക കേരളത്തിന് അടിത്തറ പാകിയ കമ്മ്യൂണിസ്റ്റ്‌ നേതാവ്: എഐവൈഎഫ്

അച്യുത മേനോൻ ആധുനിക കേരളത്തിന് അടിത്തറ പാകിയ കമ്മ്യൂണിസ്റ്റ്‌ നേതാവ്: എഐവൈഎഫ്

ധുനിക കേരളത്തിന് അടിത്തറ പാകിയ കമ്മ്യൂണിസ്റ്റ്‌ നേതാവ് സഖാവ്. സി അച്യുത മേനോൻ അതുല്യനായ സംഘാടകനും അസാമാന്യ രാഷ്ട്രീയ ജാഗ്രതയോടെ, മാർക്സിസ്റ്റ് ദർശനത്തിന്റെ സഹായത്തോടെ വർത്തമാനകാല സാമൂഹികചലനങ്ങൾ വിശകലനം ചെയ്യുന്നതിൽ അതിനിപുണനുമായിരുന്നു.

കാലത്തിന്‍റെ പരിവർത്തനങ്ങളെ തിരിച്ചറിയുന്നതിലും അവയ്ക്കനുയോജ്യമായ വിധത്തില്‍ രാഷ്ട്രീയ നയ രൂപീകരണം നടത്തുന്നതിലും നിതാന്ത ജാഗ്രത പ്രകടിപ്പിക്കുക കൂടി ചെയ്തിരുന്നു.വികസനപാതയില്‍ കേരളത്തെ നയിച്ച ക്രാന്തദര്‍ശിയായ ഭരണാധികാരി.1956 ൽ സംസ്ഥാന രൂപീകരണത്തിനു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ “ഐശ്വര്യ കേരളം കെട്ടിപ്പടുക്കാൻ” (Towards a more prosperous and plentiful Kerala) എന്ന തലക്കെട്ടിൽ സഖാവ് സി അച്യുതമേനോൻ എഴുതി തയ്യാറാക്കിയ മാർഗ്ഗരേഖയാണ് സി പി ഐ സംസ്ഥാന കൗൺസിൽ 1957-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായി അംഗീകരിച്ചത്. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി മുൻകൈ എടുത്ത് നടപ്പിലാക്കിയ വികസന പരിപാടികൾക്ക് അടിത്തറയായത് ഈ നിർദ്ദേശങ്ങളായിരുന്നു.

ഇതിനെ കേരള വികസനത്തിന്റെ മാർഗ്ഗരേഖയായാണ് പരിഗണിക്കുന്നത്. 1952-ല്‍ ഒളിവ് ജീവിതം നയിക്കവെയാണ് സഖാവ് തിരു-കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 1957-ലും 1960-ലും 70-ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ അച്യുതമേനോന്‍ വിജയിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയില്‍ ധനമന്ത്രിയായി 1968-ല്‍ രാജ്യ സഭാoഗമായി.

1969-ല്‍ കേരളത്തിലെ ഐക്യമുന്നണി ഗവണ്‍മെന്റ് രൂപവത്കരിച്ചപ്പോള്‍ സഖാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായി. 1970-ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷവും സി അച്യുതമേനോന്‍ തന്നെയായിരുന്നു മുഖ്യമന്ത്രി. കേരള ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രിയും തുടർച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തിയും അച്യുതമേനോനായിരുന്നു.

‘ഭരണപക്ഷം അടുത്ത തവണ പ്രതിപക്ഷം’ എന്ന കീഴ് വഴക്കത്തിന് സംസ്ഥാനത്ത് മാറ്റം വന്നത് മൂന്ന് തവണ മാത്രമാണ്. അതിൽ രണ്ട് തവണയും സർക്കാരിനെ നയിച്ചതും അച്യുതമേനോൻ തന്നെ. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പാർപ്പിടം, വനം, പരിസ്ഥിതി സംരക്ഷണം, ജലപരിപാലനം, ശാസ്ത്രസാങ്കേതിക വിദ്യ എന്നിങ്ങനെയുള്ള മേഖലകളിൽ സമഗ്രമായ വികസനത്തിന് തുടക്കം കുറിക്കുന്നത് സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്.

ആധുനിക കേരളത്തിന് അടിത്തറയിട്ട ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കിയതും അച്യുത മേനോന്റെ ഭരണ കാലത്താണ്. കെൽട്രോൺ, ശ്രീചിത്ര മെഡിക്കൽ സെന്റർ, സെന്റർ ഫോർ ഡെലവപ്മെന്റ് സ്റ്റഡീസ്, കാർഷിക സർവകലാശാല, കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാല, ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം, ഹൗസിങ് ബോർഡ്, ഔഷധി, സപ്ലൈകോ, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പ്ലാനിങ് ബോർഡ്, കെഎസ്എഫ്ഡിസി തുടങ്ങി കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക ഘടനയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച 45 ഓളം സ്ഥാപനങ്ങളാണ് സഖാവ് അച്യുതമേനോന്റെ കാലത്ത് പിറവികൊണ്ടത്.

കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പലതവണ തെരഞ്ഞെടുക്കപ്പെട്ട സഖാവ് പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയില്‍ മോസ്‌കോ സന്ദര്‍ശിച്ചിട്ടുണ്ട്. മികച്ച എഴുത്തുകാരൻ കൂടിയായ സി അച്യുതമേനോന്‍ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ‘എന്റെ ബാല്യകാലസ്മരണകള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1978) സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡും ലഭിക്കുകയുണ്ടായി.

കേരളം രാജ്യത്തിന് സംഭാവന ചെയ്ത ഉത്തമനായ കമ്മ്യൂണിസ്റ്റ് നേതാവ്. ആധുനിക കേരളത്തെ രൂപപ്പെടുത്താനുള്ള ഓരോ ചലനങ്ങളിലും തന്റെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ നേതൃ പാടവം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കാനുള്ള കഠിനമായ പ്രയത്നത്തിൽ സ്വജീവിതം സമ്പൂർണ്ണമായി സമർപ്പിച്ച സഖാവ് ജീവിതാന്ത്യം വരെയും ഉന്നത കമ്മ്യൂണിസ്റ്റ്‌ നിലവാരം പുലർത്താൻ നടത്തിയ സമരം മാതൃക പരമായിരുന്നു.

സാർവ ദേശീയ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്നകത്തെ സമസ്ത ചലനങ്ങളെയും സസൂക്ഷ്മം വിശകലനം ചെയ്തു കൊണ്ട് കേരളീയ സാഹചര്യങ്ങളെ അന്താരാഷ്ട്ര വിഷയങ്ങളുമായി ഐക്യപ്പെടുത്തിയുള്ള സഖാവിന്റെ വീക്ഷണം തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് അമൂല്യമായ സംഭാവനകളാണ് നൽകിയത്.

ഉന്നത ചിന്തയും ലാളിത്യവും കൈമുതലായുള്ള സഖാവ് സി അച്യുത മേനോന്റെ പ്രായോഗിക രാഷ്ട്രീയ ജീവിതം ആധുനിക രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഒരു പാഠ പുസ്തകം തന്നെയാണെന്നതിൽ തർക്കമില്ല. ഫാസിസത്തിന്റെ ഇരുണ്ട നാളുകളിൽ ആഗോള വത്കരണത്തിന്റെ ലോക ക്രമങ്ങൾ ഭരണ കൂടങ്ങളെയും ജന ജീവിതങ്ങളെയും സ്വാധീനിക്കുന്ന വർത്തമാന പശ്ചാത്തലത്തിൽ സഖാവ് സി അച്യുത മേനോന്റെ പാഠങ്ങളും ചിന്തകളും ജീവിതവും സമരങ്ങളും ജനാധിപത്യ പ്രക്ഷോഭ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകാൻ നമുക്ക് കരുത്ത് പകരും.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares