പയ്യന്നൂർ: തിരുവനന്തപുരം മ്യൂസിയത്തിന് സമീപം സ്ഥാപിക്കുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സി അച്യുതമേനോന്റെ വെങ്കലപ്രതിമയുടെ സ്മൃതിയാത്ര നാളെ ആരംഭിക്കും. സ്മൃതിയാത്ര നാളെ വൈകീട്ട് 4 ന് പയ്യന്നൂർ ഗാന്ധിപാർക്കിൽ സിപിഐ ദേശീയ എക്സിക്യൂട്ടിവംഗം കെ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യും. മുറികൈ ഷർട്ടും മുണ്ടും ധരിച്ച് ചെറുപുഞ്ചിരിയോടെ നിൽക്കുന്ന രീതിയിലാണ് ശിൽപം നിർമ്മിച്ചിരിക്കുന്നത്. ഒരു വർഷം സമയ മെടുത്താണ് ഉണ്ണി കാനായി 1000 കിലോഗ്രാം ഭാരം വരുന്ന പ്രതിമ നിർമ്മിച്ചത്.
വൈകിട്ട് 3.30ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും വാദ്യമേളങ്ങളോടെ പ്രതിമയെ സ്വീകരിച്ച് ഗാന്ധിപാർക്കിലേ ക്ക് ആനയിക്കും. 26ന് രാവിലെ 9.30 ന് കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ സ്മൃതിയാത്രക്ക് സ്വീകരണം നൽകും. തുടർന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. കെ പി രാജേന്ദ്രൻ ലീഡറായിട്ടുള്ള സ്മൃതി യാത്രയിൽ സത്യൻ മൊകേരി ഡയറക്ടറും ടി വി ബാലൻ, ടി ടി ജീസ്മോൻ, ഇ എസ് ബിജിമോൾ, പി കബീർ അംഗങ്ങളുമാണ്. 30 ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതിമ അനാച്ഛാദനം ചെയ്യും.