തിരുവനനന്തപുരം : സിനിമ നടൻ ബൈജു, മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്. യാത്രക്കാരന് കാര്യമായ പരിക്കില്ല. ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനക്ക് രക്ത സാമ്പിൾ കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് മദ്യത്തിൻറെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറയില്ലെന്നും ഡോക്ടർ പൊലീസിന് മെഡിക്കൽ റിപ്പോർട്ട് എഴുതി നൽകി. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തു.
സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം വളരെ മോശമായി പെരുമാറിയെന്നാണ് സ്കൂട്ടർ യാത്രികൻ പരാതിയിൽ പറയുന്നു. വണ്ടിയാകുമ്പോൾ തട്ടുകയും മുട്ടുകയും ചെയ്യും അതിനിപ്പോൾ എന്താണെന്നായിരുന്നു ബൈജു പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരോടായിരുന്നു നടന്റെ പ്രതികരണം. കൂടാതെ കയർക്കുകയും ചെയ്തു. മ്യൂസിയം പൊലീസ് സ്ഥലത്തെത്തി കേസെടുത്തെങ്കിലും ബൈജു പൊലീസുകാരോട് സഹകരിച്ചില്ല.
അമിത വേഗതയിൽ കാറോടിച്ചതിനും മദ്യപിച്ച് ഡ്രൈവ് ചെയ്തതിനുമാണ് കേസെടുത്തത്. മ്യൂസിയം സ്റ്റേഷനിൽ എത്തിച്ചപ്പോൾ ബൈജുവിനെ ബ്രെത് അനലൈസർ പരിശോധനക്ക് വിധേയനാകിയിരുന്നു. ഇതു പോസിറ്റീവ് ആയതോടെയാണ് നടനെ ആശുപത്രിയിൽ എത്തിച്ചത്. ഈ പരിശോധനക്ക് നിയമപരമായ പിൻബലം ഇല്ല. എന്നാൽ വൈദ്യപരിശോധനക്ക് തയ്യാറായില്ലെന്നും മണം ഉണ്ടെന്നുളള ഡോക്ടറുടെ സർട്ടിഫിക്കേറ്റ് മതിയെന്നുമാണ് സിഐ അറിയിക്കുന്നത്.