നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു. വീട്ടില്‍ വെച്ച് സ്വന്തം തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രാവിലെ 4.45 ഓടെയായിരുന്നു സംഭവം. അന്ധേരിയിലെ കൃതി കെയർ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് നടന്‍. ഗോവിന്ദ സുഖമായിരിക്കുന്നുവെന്നും നടന്‍റെ പരിക്ക് ഗുരുതരമല്ലെന്നും മുംബൈ പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് ഗോവിന്ദയുടെ മാനേജര്‍ ശശി സിന്‍ഹ എഎന്‍ഐയോട് പ്രതികരിച്ചു. നടന്‍ കൊൽക്കത്തയിലേയ്‌ക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവമെന്ന് മാനേജര്‍ അറിയിച്ചു.
അദ്ദേഹത്തിന്‍റെ ലൈസൻസുള്ള റിവോൾവർ അലമാരയിൽ തിരികെ വയ്ക്കുന്നതിനിടെ കയ്യില്‍ നിന്നും താഴെ വീഴുകയും അബദ്ധത്തില്‍ ഒരു ബുള്ളറ്റ് നടന്‍റെ കാലില്‍ പതിക്കുകയും ചെയ്യുകയായിരുന്നു. നടന്‍റെ കാലില്‍ നിന്നും ബുള്ളറ്റ് നീക്കം ചെയ്‌തു. ഗോവിന്ദയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് മാനേജര്‍ ശശി സിന്‍ഹ അറിയിച്ചു.