ന്യൂഡൽഹി: കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ ഇടിഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്( എല്‍ഐസി) ഉണ്ടായത് 16,580 കോടി രൂപയുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ വലിയ ഓഹരി പങ്കാളിത്തമാണ് എല്‍ഐസിക്കുള്ളത്.
അദാനി ഗ്രൂപ്പ് ഓഹരികളിലെ എല്‍ഐസി നിക്ഷേപത്തിന്റെ മൂല്യം 77000 കോടിയാണെന്നാണ് മാധ്യമങ്ങൾ അടക്കം വ്യക്തമാക്കുന്നത്. ഇതില്‍ 23,500 കോടി നഷ്ടമായെന്നും ഇപ്പോള്‍ നിക്ഷേപമൂല്യം 53,000ലേക്ക് ചുരുങ്ങിയെന്നും റിപ്പോർട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അറിവോടെയാണ് അദാനി ഗ്രൂപ്പില്‍ എല്‍ഐസി നിക്ഷേപം നടത്തിയതെന്ന് വിമർശനം ഉയരുന്നുണ്ട്.
യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിൻഡൻബർഗ് ബുധനാഴ്ചയാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ നടത്തിയ ക്രമക്കേടുകളും അക്കൗണ്ടിങ്ങിൽ നടത്തിയ തട്ടിപ്പുകളുമെല്ലാം റിപ്പോർട്ട് വെളിച്ചത്ത് കൊണ്ടുവന്നു. ടാക്സ് ഹേവൻ രാജ്യങ്ങളായ മൗറീഷ്യസ്, യുഎഇ എന്നിവിടങ്ങളിലെ ഷെൽ കമ്പനികളുടെ സഹായത്തോടെയാണ് അദാനി ഗ്രൂപ്പ് സ്റ്റോക്ക് മാർക്കറ്റിൽ എം- ക്യാപ് ഉയർത്തി നിർത്തിയത് എന്ന് റിപ്പോർട്ടില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 100 ബില്യൺ ഡോളറിലധികം തുകയാണ് അദാനി ഇത്തരത്തിൽ സമ്പാദിച്ചത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനിയുടെ ഏഴ് കമ്പനികളുടെ മൂല്യം ഇക്കാലയളവിൽ മാത്രം 819 ശതമാനം ഉയർന്നതായി ചൂണ്ടിക്കാട്ടുന്നു.
കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയതിന് വിശദീകരണം നല്‍കാന്‍ 21 ചോദ്യങ്ങളും ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിന് ഒന്നിന് പോലും അദാനി ഗ്രൂപ്പിന് വ്യക്തമായ മറുപടി നല്‍കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഹിന്‍ഡന്‍ബര്‍ഗ് ട്വിറ്ററിലൂടെ ചൂണ്ടിക്കാണിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് തൊട്ടടുത്ത ദിവസങ്ങളില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ ഇടിവ് തുടരുന്നത്. എന്നാല്‍ വ്യക്തമായ മറുപടി തയാറാക്കി വരികയാണെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം.