അടൂർ: നഗരസഭയുടെ ചെയർപേഴ്സണായി സിപിഐ(എം). പ്രതിനിധി ദിവ്യ റെജി മുഹമ്മദും വൈസ് ചെയർപേഴ്സണായി സി.പി.ഐ യുടെ പ്രതിനിധി രാജി ചെറിയാനും തിരഞ്ഞെടുക്കപെട്ടു. തിങ്കളാഴ്ച രാവിലെ 11-ന് അടൂർ ആർ ഡി ഒയും നഗരസഭ തിരഞ്ഞെടുപ്പ് വരണാധികാരിയുമായിരുന്ന എ. തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ചെയർമാൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ദിവ്യാ റെജി മുഹമ്മദിന് 16 വോട്ടുകൾ ലഭിച്ചു.
ദിവ്യയ്ക്ക് എതിരായി മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി വി.ശശികുമാറിന് 11 വോട്ടുകളാണ് ലഭിച്ചത്. ദിവ്യയുടെ പേര് മുൻ നഗരസഭ ചെയർമാൻ ഡി സജി നിർദ്ദേശിച്ചു. കൗൺസിലർ എം അലാവുദ്ദീൻ പിൻതാങ്ങി. ഉച്ചയ്ക്കു ശേഷം നടന്ന വൈസ് ചെയർപേഴ്സൺ തിരെഞ്ഞെടുപ്പിൽ രാജി ചെറിയാന് 16 വോട്ടുകൾ ലഭിച്ചു. എതിരായി മത്സരിച്ച യുഡിഎഫിലെ ബിന്ദു കുമാരിക്ക് 11 വോട്ടും ലഭിച്ചു.
ബിജെപി കൗൺസിലർ ശ്രീജാ ആർ നായർ ബാലറ്റ് കൈപ്പറ്റാതെ രണ്ടു തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ദിവ്യ റെജി മുഹമ്മദിനും വൈസ് ചെയർ പേഴ്സണായ രാജി ചെറിയാനും എൽഡിഎഫ് നേതൃത്വത്തിൽ സ്വീകരണം നൽകി.