റാഞ്ചി: പശുക്കളെ വളർത്തുന്നവരിൽ നിന്ന് ഗോമൂത്രം സംഭരിക്കാനായി പുതിയ പദ്ധതിയുമായി ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ. പശുക്കളുടെ ചാണകം ശേഖരിക്കുന്ന പദ്ധതിയുടെ കീഴിലാണ് പുതിയ പദ്ധതി സർക്കാർ നടപ്പിലാക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇനി മുതൽ ചാണകം പൈസകൊടുത്ത് സർക്കാർ ശേഖരിക്കുന്ന പോലെ പശുവിന്റെ മൂത്രവും ശേഖരിക്കാന്നാണ് ഭൂപേഷ് ബാഗേലിന്റെ കോൺഗ്രസ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാരിന്റെ പുതിയ പദ്ധതിയെ കുറിച്ച് പഠിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കാൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഇന്ദിരഗാന്ധി അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലേയും കാമധേനു യൂണിവേഴ്സിറ്റിയിലേയും പ്രഗത്ഭരായ പ്രഫസർമാരുൾപ്പെടുന്ന സമതിയാണ് ഇതേക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടത്തുക. ഗോമൂത്രത്തിന്റെ ഗുണ നിലവാരം പരിശോധിച്ച് അത് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഈ സമിതി പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി മഹാത്മ ഗാന്ധി റൂറൽ ഇൻഡസ്ട്രിയൽ പാർക്കിന്റെ പരിസര പ്രദേശങ്ങളിൽ അസംസ്കൃതവസ്തുവിന്റെ (ഗോമൂത്രം) ലഭ്യത സംബന്ധിച്ച് ഒരു മാപ്പ് വികസിപ്പിച്ചെടുക്കാൻ ഛത്തീസ്ഗഡ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗൗതൻസിലിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
യോഗത്തിൽ, ഗോമൂത്രത്തിൽ നിന്ന് ജൈവവളങ്ങളും ജൈവ എൻസൈമുകളും എങ്ങനെ തയ്യാറാക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഛത്തീസ്ഗഡ് സർക്കാർ ചാണകം സംഭരിക്കുന്ന അതേ രീതിയിലായിരിക്കും ഗോമൂത്രം വാങ്ങുക. കന്നുകാലിത്തൊഴുത്തുകളെ കേന്ദ്രീകരിച്ച് ഗ്രാമഗൗതൻ സമിതി മുഖേന തങ്ങൾ ഗോമൂത്രം സംഭരിക്കുമെന്ന് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകൻ പ്രദീപ് ശ്രമ വ്യക്തമാക്കിന്നത്. ഗോമൂത്രം സംഭരിച്ചു തരുന്ന കന്നുകാലി ഉടമകൾക്കും കർഷകർക്കും രണ്ടാഴ്ചയിലൊരിക്കൽ സർക്കാർ പണം നൽകുമെന്നും പ്രദീപ് ശ്രമ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
2020 ജൂലൈയിൽ ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ ഗോധൻ ന്യായ് യോജന ആരംഭിച്ചിരുന്നു. അതിന് കീഴിൽ സംസ്ഥാന സർക്കാർ കർഷകരിൽ നിന്ന് കിലോയ്ക്ക് 1.50 രൂപ നിരക്കിൽ ചാണകം വാങ്ങി സംഭരിക്കുന്നുണ്ട്.