തൊടുപുഴ: കട്ടപ്പന ഇരട്ടയാറിൽ വച്ച് ഹൃദയാഘാതമുണ്ടായ 17 വയസ്സുള്ള ആന്‍മരിയ ജോയ് എന്ന കുട്ടിയെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി എറണാകുളം അമൃത ആശുപത്രിയിൽ എത്തിച്ചു. 2.40 മണിക്കൂര്‍ കൊണ്ട് 132 കിലോമീറ്റര്‍ താണ്ടിയാണ് ആംബുലന്‍സ് അമൃതയിലെത്തിയത്. ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു.
കുട്ടിയെ ആദ്യം കട്ടപ്പനയിലെ സെന്റ്. ജോണ്‍സ് ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി അമൃതയിലേക്ക് കൊണ്ടുവന്നത്. ആംബുലന്‍സിന് മുന്നില്‍ ഗതാഗതം നിയന്ത്രിച്ച് പൊലീസ് വാഹനമുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. കുട്ടിയുമായി വരുന്ന വിവരം അറിഞ്ഞ്, നേരത്തെ തന്നെ അമൃത ആശുപത്രിയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.
കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി – തൊടുപുഴ – മുവാറ്റുപുഴ – വൈറ്റില വഴിയാണ് അമൃത ആശുപത്രിയില്‍ എത്തിയത്. കെഎൽ 06 എച്ച് 9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണു കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. ആംബുലന്‍സ് പോകുന്ന റൂട്ടിലെ യാത്രക്കാര്‍ ഇതൊരു അറിയിപ്പായി കണ്ട് ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് മന്ത്രിയുടെ ഓഫിസ് അഭ്യര്‍ഥിച്ചിരുന്നു.