ന്യൂഡൽഹി: ജഹാംഗീർപുരിക്ക് പിന്നാലെ ഷഹീൻബാഗിലും കെട്ടിടങ്ങൾ പൊളിക്കാൻ ഒരുങ്ങി സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ. നാളെ ഷഹനിബാഗിൽ പൊളിക്കൽ നടപടി തുടങ്ങുമെന്ന് ഡൽഹി മുൻസിപ്പൽ കൗൺസിൽ അധികൃതർ വ്യക്തമാകി.
അനധികൃതമായി കയ്യേറി താമസിക്കുന്നവർക്കെതിരെ കർശന നടപടി ശക്തമാക്കുമെന്നാണ് മുൻസിപ്പൽ ഭരണകൂടം വ്യക്തമാക്കുന്നത്. അനധികൃത നിർമ്മിതികൾക്കും കയ്യേറ്റങ്ങൾക്കും എതിരെയുള്ള നടപടി, സർക്കാർ ഊർജ്ജിതമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഡൽഹിയിലെ ജഹാംഗീർപുരി മേഖലയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെ നടന്ന സംഘർഷത്തെ തുടർന്ന്, മുസ്ലീം സമുദായത്തിലുൾപ്പെട്ടവർ അതിവസിക്കുന്ന കോളനികൾ മാത്രം ലക്ഷമിട്ട് അനധികൃത കൈയ്യേറ്റത്തിന്റെ പേരിൽ പൊളിച്ചുമാറ്റുന്ന നടപടികളാണ് ഡൽഹി മുൻസിപ്പൽ കൗൺസിൽ നടപ്പിലാക്കിയത്.
ന്യൂനപക്ഷ സമുദായത്തെ മാത്രം ലക്ഷ്യമിട്ട് അവരുടെ വസ്തുവകകൾ മാത്രം പൊളിക്കുന്നുവെന്ന് ആരോപിച്ച് സിപിഐ ഉൾപ്പെടെയുള്ള രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നിരുന്നു. സംഭവം നിയമനടപടികളിലേക്ക് നീങ്ങിയപ്പോൾ, സുപ്രിം കോടതി താൽക്കാലികമായി ഒഴിപ്പിക്കൽ നടപടികൾ സ്റ്റേ ചെയ്തിരിക്കുകയാണ്. അതിനു പിന്നാലെയാണ് മുസ്ലീങ്ങൾ കൂടുതലായി കഴിയുന്ന ഷഹീൻബാഗിലേക്ക് പൊളിച്ചടുക്കൽ നടപടികളുമായി സൗത്ത് ഡൽഹി മുൻസിപ്പൽ കൗൺസിൽ രംഗത്തെത്തയിരിക്കുന്നത്.