കോഴിക്കോട്: 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം മൂന്ന് ദിവസം പിന്നിടുമ്പോൾ 683 പോയിൻറുമായി കണ്ണൂർ ഒന്നാ സ്ഥാനത്ത് തുടരുന്നു. 679 പോയിൻ്റുകളുമായി ആതിഥേയരായ കോഴിക്കോടും നിലവിലെ ജേതാക്കളായ പാലക്കാടും രണ്ടാം സ്ഥാനത്തുണ്ട്. 651 പോയിൻ്റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്. 642 പോയിൻ്റുള്ള തിരുവനന്തപുരം നാലാം സ്ഥാനത്താണ്.
സ്‌കൂളുകൾ തമ്മിലുള്ള പോരാട്ടത്തിൽ തിരുവനന്തപുരം വഴുതക്കാട് കാർമൽ ഇ.എം. ഗേഴസ് ഹയർസെക്കൻഡറി സ്‌കൂളാണ് മുന്നിൽ (122 പോയിന്റ്). പാലക്കാട് ഗുരുകുലം 111 പോയിന്റുമായി രണ്ടാമതും കണ്ണൂർ സെന്റ് തെരാസ് സ്‌കൂൾ 98 പോയിന്റുമായി മൂന്നാമതുമാണ്.
ആകെയുടെ 239 മത്സര ഇനങ്ങളിൽ 174 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്. ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ 96ൽ 69ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 105ൽ 78, ഹൈസ്‌കൂൾ അറബിക് – 19ൽ 14, ഹൈസ്‌കൂൾ സംസ്‌കൃതം – 19ൽ 13ഉം ഇനങ്ങളാണ് പൂർത്തിയായത്.
നാലാം ദിവസമായ ഇന്ന് 54 മത്സരങ്ങളാണ് നടക്കേണ്ടത്. ഹൈസ്കൂൾ വിഭാഗം സംഘനൃത്തം, നാടകം, ഭരതനാട്യം, നാടോടി നൃത്തം, ചവിട്ടു നാടകം, പരിചമുട്ട് കളി, ഹയർ സെക്കൻ്ററി വിഭാഗം തിരുവാതിരകളി, തായമ്പക, കേരള നടനം തുടങ്ങിയ ഇനങ്ങൾ ഇന്ന് നടക്കും.