പ്രശസ്ത ഹാസ്യനടൻ ശ്യാം രംഗീല വാരണാസി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മോദിക്കെതിരെ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് ശ്യാം രംഗീല വാരണാസിൽ മത്സരിക്കുന്നത്. മെയ് 14 ആയിരുന്നു ഏഴാം ഘട്ട വോട്ടെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. മോദിയ്‌ക്കെതിരെ മത്സരിക്കുന്നതിനായി നാമനിർദേശ പത്രിക സമർപ്പിക്കാൻ നൽകാൻ ഉദ്യോഗസ്ഥർ തന്നെ അനുവദിക്കുന്നില്ലെന്ന് പരാതിയുമായി ഹാസ്യതാരം ശ്യാം രംഗീല രംഗത്തു വന്നിരുന്നു.
ശ്യാം രംഗീലയുടെ പരാതി ചർച്ചയായതിനു പിന്നാലെ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാൻ അധികൃതർ തയ്യാറാവേണ്ടി വന്നു. ഈ മാസം 10-ാം തിയതി മുതൽ പത്രിക നൽകാൻ താൻ ശ്രമിക്കുകയായിരുന്നെന്നും എന്നാൽ ഒഴിവുകഴിവുകൾ പറഞ്ഞ് ഉദ്യോഗസ്ഥർ തന്റെ പത്രിക സ്വീകരിച്ചില്ലെന്നുമാണ് ശ്യാമിന്റെ പരാതി. ജനാധിപത്യത്തെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുന്നത് താൻ സ്വന്തം കണ്ണുകൊണ്ട് കണ്ടെന്ന് പത്രിക സമർപ്പിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട ശേഷം ശ്യാം രംഗീല പ്രതികരിച്ചിരുന്നു.
തന്നെപ്പോലെ നിരവധി പേരെ പ്രധാനമന്ത്രിയ്‌ക്കെതിരെ മത്സരിക്കുന്നതിൽ നിന്ന് വാരണസിയിലെ ജില്ലാ മജിസ്‌ട്രേറ്റ് നിരുത്സാഹപ്പെടുത്തുന്നുണ്ടെന്നും ശ്യാം രംഗീല ആരോപിച്ചു. ചിലരെ ഓഫിസിന്റെ പരിസരത്തുപോലും പ്രവേശിപ്പിക്കുന്നില്ലെന്നും ശ്യാം പറഞ്ഞു. വിഷയത്തിൽ ശ്യാം രംഗീല തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു.