ജമ്മു കാശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമന്ന പ്രഖ്യാപനവുമായി പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതി മുഹമ്മദ് അഫ്സൽ ഗുരുവിൻ്റെ സഹോദരൻ ഐജാസ് അഹമ്മദ് ഗുരു രംഗത്ത്. ജമ്മു സോപോർ നിയമസഭാ മണ്ഡലത്തിലേക്കള്ള തെരഞ്ഞെടുപ്പിലാവും സ്വതന്ത്ര സ്ഥാനാർത്ഥിയായി ഐജാസ് അഹമ്മദ് ഗുരു മത്സരിക്കുക. അഫ്സൽ ഗുരുവിൻ്റെ പേര് പറഞ്ഞ് വേട്ട് ചോദിക്കാൻ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്സൽ ഗുരുവിന്റെ പ്രത്യയ ശാസ്ത്രം അല്ല തന്റെതെന്ന് അദ്ദേഹം വ്യക്തമാക്കി. തൻ്റെ മകൻ്റെ അറസ്റ്റാണ് തന്നെ മത്സരരംഗത്തേക്കെത്തിച്ചതിന്റെ പ്രധാന കാരണമെന്ന് ഐജാസ് പറഞ്ഞു.
ഐജാസിൻ്റെ മകൻ ഷോയിബ് ഐജാസ് ഗുരുവിനെ 2023 ഡിസംബറിൽ ബാരാമുള്ള പൊലീസ് നാർക്കോട്ടിക് ഡ്രഗ്‌സ് ആൻ്റ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് ആക്‌ട് (പിഐടി-എൻഡിപിഎസ് ആക്‌ട്) പ്രകാരം മയക്കുമരുന്ന് കടത്ത് കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ജമ്മുവിലെ കോട്ട്-ഭൽവാൽ ജയിലിലാണ് ഷോയിബ് ഐജാസ് നിലവിലുള്ളത്. തന്റെ മകനെതിരെ ചാർത്തിയിരിക്കുന്ന കേസ് കെട്ടിച്ചമച്ചതാണെന്നും നിരപരാധികളായിട്ടും ശിക്ഷ അനുഭവിക്കുന്നവർക്കുവേണ്ടി പോരാടും എന്നും ഐജാസ് വ്യക്തമാക്കി.
2014 -ൽ ജമ്മു കശ്മീർ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് സ്വമേധയാ വിരമിച്ച ശേഷം കരാറു ജോലികൾ എടുത്ത് നടത്തിവരുകയായിന്നു ഐജാസ്. ഇതിനു മുൻപ് സോപോറിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾ അത്രയും മണ്ഡലത്തെ അവഗണിച്ചു വെന്ന് ഐജാസ് തുറന്നു പറഞ്ഞു. തൊഴിൽ, അടിസ്ഥാന സൗകര്യ വികസനം, യുവാക്കളുടെ പുനരധിവാസം തുടങ്ങിയ ദീർഘകാല പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുക താൻ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് ഐജാസ് വ്യക്തമാക്കിയിട്ടുണ്ട്.