Tuesday, January 21, 2025
spot_imgspot_img
HomeKeralaഎംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കും: ടി ടി ജിസ്മോൻ

എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കും: ടി ടി ജിസ്മോൻ

തൃശൂർ : കേരളത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് റജിസ്റ്റർ ചെയ്ത് തൊഴിൽ നിയമനം കാത്തിരിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ തൊഴിൽ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചു കൊണ്ട് തസ്തികകൾ വെട്ടിക്കുറക്കാനും അത് വഴി
സിവിൽ സർവീസിനെ ദുർബലപ്പെടുത്താനുമുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ. എഐവൈഎഫ് തൃശൂർ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തസ്തികകളിൽ സ്ഥിര നിയമനം ഇല്ലായ്മ ചെയ്യാനും കുടുംബശ്രീ, കേക്സ്കോൺ അടക്കമുള്ള എജൻസികൾ വഴി ദിവസക്കൂലിക്ക് ആളുകളെ നിയമിക്കാനുമുള്ള നീക്കം ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. ശുചീകരണം, സെക്യൂരിറ്റി തുടങ്ങിയ തസ്തികകളിൽ
നിലവിലുള്ള ജീവനക്കാർ ഒഴിഞ്ഞു പോകുന്ന മുറക്ക് സ്ഥിര നിയമനം വേണ്ടെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറിൽ നിർദേശിക്കുന്നത്. കുടുംബശ്രീ, കേക്സ്കോൺ എന്നിവയുമായി വാർഷിക കരാറിൽ ഒപ്പ് വെക്കുകയും ആവശ്യമായ ജീവനക്കാരെ ദിവസക്കൂലിക്ക് മാത്രം നിയമിച്ച് ഇവരുടെ കൂലി ഓഫീസ് ചെലവിനത്തിൽ നൽകാൻ നിർദേശിച്ചിരിക്കുന്നത്.

സംവരണാനുകൂല്യത്തിൽ നിരവധി സമുദായങ്ങൾക്ക് കൂടുതലായി നിയമനങ്ങൾ ലഭിക്കുന്ന തസ്തികകളിലാണ് ഇപ്രകാരം സ്ഥിര നിയമനം നിർത്തലാക്കിയിരിക്കുന്നത്.ഓഫീസുകളുടെ വലിപ്പം, ജീവനക്കാരുടെ മൊത്തം എണ്ണം എന്നിവക്ക് ആനുപാതികമായാണ് നിലവിൽ ശുചീകരണത്തിനും സെക്യൂരിറ്റിക്കും തസ്തികകൾ സൃഷ്ടിച്ചിരുന്നത്. കഴിഞ്ഞ അധ്യയന വർഷങ്ങളിൽ എണ്ണായിരത്തോളം താൽക്കാലിക അധ്യാപക നിയമനങ്ങൾ നടന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ അറിയിക്കാതെയാണെന്ന വിവരവും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാർഥികൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇവരുടെ പട്ടിക ഒരു സ്കൂൾ പോലും എക്സ്ചേഞ്ചുകളോട് ആവശ്യപ്പെടാറില്ല എന്നതാണ് വസ്തുത. സർക്കാർ വേതനം നൽകുന്ന ഈ തസ്തികകളിലെല്ലാം സ്വന്തം നിലയ്ക്കു സ്കൂൾ പിടിഎകൾ നിയമനം നടത്തുന്ന സാഹചര്യമാണ് നില നിൽക്കുന്നത്.

സർക്കാർ വേതനം നൽകുന്ന താൽക്കാലിക തസ്തികകളിലെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി മാത്രമേ നിയമനം നടത്താവൂ എന്ന 2004 ലെ ഉത്തരവ് കാറ്റിൽ പറത്തിക്കൊണ്ടാണ് ഇത്തരം പ്രവണതകൾ അരങ്ങേറുന്നത്. ഓരോ വർഷവും ഏറ്റവും കൂടുതൽ താൽക്കാലിക നിയമനം നടത്തുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന് ഈ കാര്യം ഓർമിപ്പിച്ച് എംപ്ലോയ്മെന്റ് ഡയറക്ടർ കത്തയക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തരം നിർദേശങ്ങളെ നിരന്തരം അവഗണിക്കുന്ന സമീപനമാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്. സമാന സാഹചര്യം വിവിധ വകുപ്പുകളിലും കാണാൻ കഴിയുന്നുണ്ട്.

2024 മാർച്ചുവരെ സമാഹരിച്ച കണക്കുപ്രകാരം സംസ്ഥാനത്ത് 26.55 ലക്ഷം പേരാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലിക്ക് രജിസ്റ്റർചെയ്തത്. നിലവിലെ സാഹചര്യത്തിൽ അതിലേറെ വർദ്ധിച്ചിട്ടുണ്ടാകും.തൊഴിൽവകുപ്പ് മന്ത്രി നിയമസഭയിൽ നൽകിയ കണക്കുപ്രകാരം 2021 ജൂൺ മുതൽ 2024 മാർച്ച് വരെ എംപ്ലോയ്‌മെന്റ് വഴി 37,390 നിയമനമാണ് നടത്തിയത്. വർഷം ശരാശരി 33,000 ഒഴിവുകൾ വരുമ്പോൾ മൂന്നിലൊന്ന് പേർക്കുമാത്രമാണ് എക്സ്ചേഞ്ച് വഴി നിയമനം കിട്ടുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അത്തരമൊരു പശ്ചാത്തലത്തിൽ തൊഴിൽ അന്വേഷകരിൽ കൂടുതൽ ആശങ്കകൾ സൃഷ്ടിക്കുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയുകയും വിവിധ തസ്തികകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങൾ ത്വരിത ഗതിയിലാക്കുകയും ചെയ്യേണ്ടതുണ്ട്. കേന്ദ്രസർക്കാരിലും കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളിലും ലക്ഷണക്കിന് ഒഴിവുകൾ നികത്താതെ കിടക്കുമ്പോൾ കേരളത്തിൽ പബ്ലിക് സർവീസ് കമ്മിഷൻ മുഖേന താരതമ്യേന മെച്ചപ്പെട്ട രീതിയിൽ സർക്കാർ നിയമനം നടത്തുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ പിഎസ് സി വഴി നിയമനം നടത്തുന്നത് കേരളത്തിലാണെന്നതും അഭിമാനാർഹമായ വസ്തുതയാണ്.

2021ൽ ഈ സർക്കാർ നിലവിൽ വന്നശേഷം 66,532 നിയമന ശിപാർശകൾ പിഎസ് സി വഴി നടത്തിയിട്ടുണ്ട് എന്നാണ് കണക്ക്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം രണ്ടായിരത്തിൽ പരം റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ശ്ലാഘനീയമായ നേട്ടങ്ങൾ അവകാശപ്പെടുമ്പോഴും ചില ജാഗ്രതക്കുറവുകളെ നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കു കുത്തിയാക്കുന്നത് ഒരിക്കലും അനുവദിക്കാനും കഴിയില്ല. ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായുള്ള നിലപാടുകൾ സർക്കാർ അടിയന്തിരമായി പുനപരിശോധിക്കുക തന്നെ വേണം.

എഐവൈഎഫ് ജില്ലാ പ്രസിഡന്റ്‌ ബിനോയ്‌ ഷബീർ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, ടി പ്രദീപ്കുമാർ, കെ എ അഖിലേഷ്, ലിനി ഷാജി, വി കെ വിനീഷ്, ടി പി സുനിൽ, കനിഷ്കൻ വലൂർ, എന്നിവർ സംസാരിച്ചു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares