ഓച്ചിറ: കള്ളക്കേസിൽ കുടുക്കി ബീഹാർ പോലീസ് അറസ്റ്റ് ചെയ്ത എഐവൈഎഫ് ബീഹാർ സംസ്ഥാന സെക്രട്ടറി റോഷൻകുമാർ സിൻഹയെ വിട്ടയ്ക്കുക, രാഹുൽ ഗാന്ധിയെ അസാധുവാക്കിയ ലോക്സഭാ നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒച്ചിറ ടൗണിൽ ജനാധിപത്യ സംരക്ഷണത്തിനായ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. രാജ്യത്തെ ഭരണ സംവിധാനത്തിന് എതിരെ ശബ്ദമുയർത്തിയാൽ നിശബ്ദരാക്കുന്ന രാഷ്ട്രീയ സംഭവങ്ങളെ പ്രതീകാത്മകമായി കാണിച്ച് കൊണ്ട് വായിൽ കറുത്ത തുണി കൊണ്ട് മൂടി കെട്ടിയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
തുടർന്ന് നടന്ന യോഗം എഐവൈഎഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ആർ.ശരവണൻ ഉദ്ഘാടനം ചെയ്തു. നിശബ്ദരാക്കപ്പെടുന്നവരുടെ ശബ്ദമായും, ജനാധിപത്യം സംരക്ഷിക്കുന്നതിനായും എഐവൈഎഫ് മുന്നിൽ തന്നെ ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എഐവൈഎഫ് ഓച്ചിറ മണ്ഡലം പ്രസിഡൻ്റ് ആർ. നിധിൻരാജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിപിഐ മണ്ഡലം കമ്മിറ്റി അംഗം നിസാം കൊട്ടിലിൽ, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി എസ്.കാർത്തിക് ,എഐവൈഎഫ് മണ്ഡലം സഹഭാരവാഹികളായ വന്ദന വിശ്വനാഥ്, രമ്യ രാജേഷ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.എഐവൈഎഫ് മണ്ഡലം സെക്രട്ടറി അരവിന്ദ്സുരാജ് സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം എസ്.ശ്രീഹരി നന്ദിയും രേഖപ്പെടുത്തി. പ്രതിഷേധ പ്രകടനം ആർ.അഭിരാജ്, ആശദേവി, സിന്ധു, എന്നിവർ നേതൃത്വം നൽകി.