വയനാട് പുനരധിവാസത്തിന് സഹായം അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ അതിജീവന സമരം സംഘടിപ്പിക്കും. തിരുവനന്തപുരം മ്യൂസിയത്തിൽ നിന്നും ഇന്ന് വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് രാജ്ഭവനു മുന്നിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന പ്രതിഷേധ യോഗം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം നിർവഹിക്കും. യോഗത്തിൽ എഐവൈഎഫിന്റെയും സിപിഐയുടെയും സമുന്നതരായ നേതാക്കൾ പങ്കെടുക്കും. കേരളം കണ്ട സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിന്റെ ഭീകരതയിൽ വിറച്ചു നിൽക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ ജീവിതം ഉപയോഗിച്ച് കൊണ്ടുള്ള കേന്ദ്രത്തിന്റെ സങ്കുചിത രാഷ്ട്രീയമാണ് ധനസഹായം അനുവദിക്കാത്തതിന്റെ പിന്നിലെന്ന് എ ഐ വൈ എഫ് കുറ്റപ്പെടുത്തി.
ഉരുൾ ദുരന്തത്തിന്റെ പതിനൊന്നാം ദിനം ദുരന്ത മേഖല സന്ദർശിച്ച പ്രധാനമന്ത്രി ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും രക്ഷാ-പുനരധിവാസ പ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ച പ്രകാരം ദുരന്തത്തിൽ സംഭവിച്ച നഷ്‌ടവും ദേശീയ ദുരന്ത നിവാരണ നിധി മാനദണ്ഡ പ്രകാരം സംസ്ഥാനത്തിന് കേന്ദ്രത്തോട് ആവശ്യപ്പെടാവുന്ന തുകയും തരം തിരിച്ചുള്ള നിവേദനം കേരളം നൽകുകയുണ്ടായി. സംസ്ഥാനത്തിന് പരമാവധി സഹായം ലഭ്യമാക്കാനുള്ള ഇടപെടലായിരുന്നു അത്.
എന്നാൽ സഹായ വാഗ്ദാനം നൽകിയ ശേഷം കേരളത്തിന്റെ ആവശ്യത്തോട് അത്യന്തം നിഷേധാത്മകമായ സമീപനം സ്വീകരിച്ചു കൊണ്ടുള്ള കേന്ദ്രത്തിന്റെ പതിവ് വിവേചനം തന്നെയാണ് ഇവിടെയും കാണുന്നത്. ഉരുൾ ദുരന്തത്തിൽ ഒരു പ്രദേശമാകെ കടുത്ത അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയ ഭയാനകമായ അവസ്ഥയിൽ സമചിത്തതയോടെ ജനങ്ങളെ സമാധാനിപ്പിച്ചും വിവിധ വകുപ്പുകളെ സഹകരിപ്പിച്ചുകൊണ്ടുമുള്ള രക്ഷ ദൗത്യത്തിന്നാണ് സംസ്ഥാന സർക്കാർ അന്നു മുതൽ നേതൃത്വം നൽകിയത്.
വീടും ഭൂമിയും മേൽവിലാസവുമെല്ലാം നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതികൾ സർക്കാർ സമയ ബന്ധിതമായിത്തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കേരളത്തിലെ പ്രതിപക്ഷവും വലത് പക്ഷ മാധ്യമങ്ങളും നിലവിൽ വയനാട് ചൂരൽ മല മുണ്ടക്കൈ ദുരിത ബാധിത മേഖലക്ക് ലഭിക്കേണ്ട കേന്ദ്ര സഹായം അട്ടിമറിക്കുന്നതിന് വേണ്ടിയും സംസ്ഥാന സർക്കാരിനെ താറടിക്കുന്നതിനായും വ്യാജ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
സംസ്ഥാന സർക്കാരിന്റെ അതിജീവന ശ്രമങ്ങൾക്ക് തുരങ്കം സൃഷ്ടിക്കുന്ന സമീപനം ബന്ധപ്പെട്ടവർ തിരുത്തണമെന്നും രാഷ്ട്രീയ വിരോധത്തിന്റെ മറവിൽ കേരളത്തെ ഒറ്റു കൊടുക്കുന്ന പ്രതിപക്ഷ മാധ്യമ നിലപാടുകൾ തുറന്നു കാട്ടുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും അറിയിച്ചു.