കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തെ തകർക്കരുത് കണ്ണൂരിന്റെ വികസനത്തെ തകർക്കരുത് എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധവുമായി എഐവൈഎഫ് രംഗത്ത്. പ്രതിഷേധത്തിന്റെ ഭാഗമായി പോസ്റ്റർ ക്യമ്പയ്ൻ, കണ്ണൂർ വിമാനത്താവള സംരക്ഷണ സദസ്സ്, ഭീമഹർജി ഒപ്പ് ശേഖരണം, ഡൽഹി ഏവിയേഷൻ മിനിസ്ട്രി മാർച്ച് എന്നിവ സംഘടിപ്പിക്കും. ഉത്തര മലബാറിന്റെയും കുടക് മേഖല ഉൾപ്പെടെ വരുന്ന പ്രദേശങ്ങളിലെ യാത്രക്കാരുടെ ദീർഘകാലമായ യാത്രാദുരിതം പരിഹരിക്കുന്നതിനു വേണ്ടിയാണ് നിർദ്ദിഷ്ട കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് പ്രവർത്തനം തുടങ്ങുന്നത്.
എന്നാൽ പ്രവർത്തനം തുടങ്ങി ഏതാണ്ട് ഏഴ് വർഷങ്ങളായെങ്കിലും കണ്ണൂർ എയർപോർട്ട് അവസ്ഥ വളരെ പരിതാപകരമാണ്. നിരവധി യാത്രക്കാർ ഗൾഫുൾപ്പെടെ യൂറോപ്പ്യൻ രാജ്യങ്ങളിലും മറ്റും ജോലിക്ക് വേണ്ടിയും കച്ചവട കാര്യങ്ങൾക്ക് വേണ്ടിയും യാത്ര ചെയ്യുന്ന ഒരു മേഖലയാണ് ഇത് .പക്ഷേ കണ്ണൂരിൽ നിന്നും വിദേശവിമാന കമ്പനികൾക്ക് അനുമതി നൽകാത്തതും ആഭ്യന്തര ഓപ്പറേറ്റർമാർ കൂടുതൽ സർവീസ് നടത്താത്തതും വലിയ രീതിയിലുള്ള പ്രയാസമാണ് ഉണ്ടാക്കിയിരിക്കുന്നത് .
ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും പോയിന്റ് ഓഫ് കോൾ പദവി അനുവദിച്ച് കൂടുതൽ വിദേശ വിമാന കമ്പനികൾ ഉൾപ്പെടെ സർവീസുകൾ നടത്തി യാത്രക്കാരായ ആളുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ,ആഭ്യന്തര വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് ഇന്ത്യയിലെ എല്ലാ എയർപോർട്ടുകളിലേക്കും യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും ഈ മേഖലയിലെ കർഷകരുടെ വലിയ പ്രതീക്ഷയായ അവരുടെ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര മാർക്കറ്റിംഗ് ലഭ്യമാകുന്നതിന് വേണ്ടി കാർഗോ സർവീസുകൾ ഉടൻ ആരംഭിക്കണമെന്നും എ ഐ വൈ എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കണ്ണൂർ എയർപോർട്ടിന്റെ ഈ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുന്നതിന് വേണ്ടി ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വി. രജീഷ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ. വി സാഗർ, കെ. വി പ്രശോബ്, ജിതേഷ് കരേറ്റ എന്നിവർ ബഹുമാനപ്പെട്ട സിവിൽ ഏവിയേഷൻ പാർലമെന്റ് കമ്മറ്റിക്ക് നിവേദനം സമർപ്പിച്ചു.