തിരുവനന്തപുരം: ബാങ്ക് ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബാധ്യതയില്ലെന്ന് തെളിയിക്കാന്‍ നിശ്ചിത സിബില്‍ സ്‌കോര്‍ വേണമെന്ന കേന്ദ്രസര്‍ക്കാര്‍ നയം അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്ന് എഐവൈഎഫ്. ബാങ്ക് ജോലി സമ്പന്നർക്ക് വേണ്ടി മാത്രമായി പരിമിതപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും വ്യക്തമാക്കി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേര്‍സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) ആണ് ബിരുദധാരികള്‍, ബിരുദാനന്തര ബിരുദമുള്ളവര്‍, ഡോക്ടറേറ്റുള്ളവര്‍ എന്നിവരെ ദേശസാല്‍കൃത, ഗ്രാമീണ ബാങ്കുകളിലേക്ക് ക്ലാസ് എ, ബി, സി, ഡി വിഭാഗത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര റിക്രൂട്‌മെന്റ് ഏജന്‍സിയാണിത്.
ഐബിപിഎസ് സെലക്ഷന് ശേഷം സര്‍വീസില്‍ പ്രവേശിക്കുന്നതിനു മുമ്പ് നിശ്ചിത സിബില്‍ സ്‌കോറോ, ബാധ്യത രഹിത സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. ഇത് പാലിക്കാത്തവരുടെ തൊഴില്‍ നിയമന ഉത്തരവ് റദ്ദാക്കപ്പെടും. പുതിയ ക്ലറിക്കല്‍ റിക്രൂട്ട്‌മെന്റ് വിജ്ഞാപനത്തില്‍ ഈ നിബന്ധന ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപക്വവും തീര്‍ത്തും മനുഷ്യത്വ വിരുദ്ധവുമായ നിലപാടാണിത്. വിദ്യാഭ്യാസ വായ്പ്പകള്‍ എടുത്താണ് ഇന്ത്യയിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും പഠിക്കുന്നത് എന്നത് വസ്തുതയാണ്. പുതിയ തീരുമാനത്തിലൂടെ ബാങ്ക് ജോലികള്‍, ഉന്നത സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മാത്രം ലഭിക്കുന്ന സാഹചര്യമുണ്ടാകും. ഇത് സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വം വീണ്ടും വര്‍ധിപ്പിക്കും.
ഇത്തരം തലതിരിഞ്ഞ നയങ്ങള്‍ രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷകള്‍ അപ്പാടെ തല്ലി തകര്‍ക്കുന്നതാണ്. കോടിക്കണക്കിന് യുവാക്കള്‍ തൊഴിലില്ലാതെ അലയുന്ന രാജ്യത്ത്, നിര്‍മ്മല സീതാരാമാനും നരേന്ദ്ര മോദിയും തങ്ങളുടെ തുഗ്ലക്ക് പരീക്ഷണങ്ങള്‍ നടത്തി യുവാക്കളെ കൊല്ലാക്കൊല ചെയ്യുകയാണ്. ഇത്തരം നടപടികള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് എഐവൈഎഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.