തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചുള്ള ജീവനക്കാരുടെ പണിമുടക്കിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാന സർവീസുകൾ മുടങ്ങുന്നത് തുടരുന്നു. ജീവനക്കാർ കൂട്ടയവധിയെടുത്ത് പ്രതിഷേധിച്ച സംഭവത്തിൽ നടപടിയുമായി വിമാന കമ്പനി. സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 25 കാബിൻ ക്രൂ അംഗങ്ങളെ കമ്പനി പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കണ്ണൂരിൽ നിന്നുള്ള ഷാർജ, അബുദാബി വിമാന സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സർവീസുകളും മുടങ്ങി. യു.എ.ഇയിൽ നിന്ന് തിങ്കളാഴ്‌ച വരെ പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ചൊവ്വ രാത്രി മുതൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. സേവന, വേതന വ്യവസ്ഥയിൽവന്ന മാറ്റങ്ങളിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ഗൾഫ് സർവീസുകൾ ഉൾപ്പെടെ തൊണ്ണൂറിലേറെ ആഭ്യന്തര, വിദേശ വിമാനങ്ങൾ മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിലായി. സംഭവത്തിൽ സിവിൽ വ്യോമയാന ഡയറക്‌ടർ ജനറൽ (ഡിജിസിഎ) എയർ ഇന്ത്യയോട് വിശദീകരണം തേടി.
പൈലറ്റുമാരടക്കം മുന്നൂറോളം കാബിൻ ക്രൂ അംഗങ്ങളാണ് അവസാന നിമിഷം അവധി നൽകി മിന്നൽ പണിമുടക്ക് നടത്തിയത്. ഇവർ മൊബൈൽ ഫോണുകളും ഓഫ് ചെയ്‌തുവച്ചു. വിവരം മുൻകൂട്ടി അറിയിക്കാത്തതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നടക്കം എത്തിയ യാത്രക്കാർ വിമാനത്താവളങ്ങളിൽ പ്രതിഷേധിച്ചു. വിസ കാലാവധി കഴിയുന്നവരും ജോലി അഭിമുഖത്തിൽ പങ്കെടുക്കാൻ പോകുന്നവരും വ്യാഴാഴ്‌ച ജോലിയിൽ പ്രവേശിക്കേണ്ടവരും പ്രതിസന്ധിയിലായി.
തിരുവനന്തപുരത്ത് നാലും കരിപ്പൂരിൽ 12ഉം കൊച്ചിയിൽ എട്ടും – കണ്ണൂരിൽ ഒമ്പതും- വിദേശ സർവീസുകൾ റദ്ദാക്കി. പുലർച്ചെയുള്ള വിമാനങ്ങളിൽ പോകാൻ അർധരാത്രിക്കുമുമ്പ് എത്തിയ യാത്രക്കാർ സുരക്ഷാപരിശോധന കഴിഞ്ഞ് ഗേറ്റിനടുത്ത് എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിച്ചത്. പൊതുമേഖലാസ്ഥാപനമായിരുന്ന എയർ ഇന്ത്യ മോദി സർക്കാർ ടാറ്റാ സൺസിന് കൈമാറുകയായിരുന്നു. എയർ ഇന്ത്യയുടെ ആസ്‌തി 45,000 കോടി രൂപയായിരുന്നപ്പോൾ 18,000 കോടി രൂപയ്‌ക്കാണ് ടാറ്റയ്‌ക്ക് വിറ്റത്