ആലപ്പുഴ: രക്തസാക്ഷി സ്‌മരണകളും ജനകീയ സമരാരവങ്ങളും നിറഞ്ഞ ചരിത്രഭൂമിയായ ആലപ്പുഴയിൽ വർണ്ണം പെയ്‌തിറങ്ങി, എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ വിളംബരം മുഴങ്ങി . ചുവപ്പണിഞ്ഞ വീഥിയിലൂടെയായിരുന്നു വിളംബര ജാഥ.

നാടൻ കലാ രൂപങ്ങളും വാദ്യമേളങ്ങളും വർണ്ണ ബലൂണുകളും ജാഥക്ക് മാറ്റുകൂട്ടി . ചെമ്പട്ടണിഞ്ഞ നഗരം ഈൻക്വിലാബിന്റെ ഈരടികളാൽ പുളകിതമായി. പൊരി വെയിലിലും തളരാതെ നാളെയുടെ പ്രതീക്ഷയായ വിദ്യാർത്ഥി സമൂഹത്തെ സ്വീകരിക്കുവാൻ പാതയോരങ്ങളിൽ ജനം തടിച്ചുകൂടി .

ചലച്ചിത്ര താരം ചേർത്തല ജയൻ ജാഥ ഫ്ലാഗ് ഓഫ് ചെയ്‌തു . എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കബീർ , സെക്രട്ടറി ജെ അരുൺബാബു , സ്വാഗതസംഘം ചെയർമാൻ ടി ജെ ആഞ്ചലോസ് , കൺവീനർ അസ്‌ലം ഷാ , സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ , സംസ്ഥാന കൗൺസിൽ അംഗങ്ങളായ ദീപ്‌തി അജയകുമാർ , എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ തുടങ്ങിയവർ പങ്കെടുത്തു .