തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപമാകാമെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ്റെ നിലപാടിനെ വിമർശിച്ച് എഐഎസ്എഫ് രംഗത്ത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിക്കൻ സഹായകരമാകുന്ന അഭിപ്രായമാണ് എൽഡിഎഫ് കൺവീനർ ആയിരിക്കെ ഇ പി ജയരാജൻ നടത്തിയതെന്ന് എഐഎസ്എഫ് കുറ്റപ്പെടുത്തി. ഈ അഭിപ്രായം അദ്ദേഹം പിൻവലിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
മെറിറ്റും സാമൂഹ്യനീതിയും ഉറപ്പ് വരുത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ സർക്കാറിൻ്റെ കാലത്ത് സ്വകാര്യ സർവ്വകലാശാലകളെ കേരളം നിരുത്സാഹപ്പെടുത്തില്ല എന്ന ഇ പി ജയരാജൻ്റെ പ്രഖ്യാപനം അങ്ങേയറ്റം വിദ്യാർത്ഥി വിരുദ്ധവും പ്രതിഷേധാർഹവുമാണ്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപങ്ങളെ പോലും തള്ളിപറയാതെ വിദ്യാർത്ഥി വിരുദ്ധമായും കച്ചവട സഹായകരവുമായി അദ്ദേഹം നടത്തിയ പ്രസ്താവന ഉടനടി പിൻവലിക്കണമെന്നും ഇത്തരത്തിലുള്ള വിദ്യാഭ്യാസകച്ചവട സഹായ ശ്രമങ്ങളെ വിദ്യാർത്ഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് ആർ എസ് രാഹുൽ രാജും സെക്രട്ടറി പി കബീറും അറിയിച്ചു.