തിരുവനന്തപുരം: ഉത്തരേന്ത്യൻ ക്യാമ്പസുകളിൽ എബിവിപിയും സംഘപരിവാർ സംഘടനകളും നടത്തുന്ന ഫാസിസ്റ്റ് ശൈലിയിലാണ് എസ്എഫ്‌ഐ കേരളത്തിലെ ചില ക്യാമ്പസുകളിൽ നടപ്പിലാക്കുന്നതെന്ന് എഐഎസ്എഫ്. വിദ്യാർത്ഥി സംഘടനയെ വളർത്താൻ വേണ്ടി എസ്എഫ്ഐ ക്യാമ്പസുകളിൽ അക്രമണം അഴിച്ചു വിടുന്നുവെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തി.
ഇത്തരം ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ ഏകാധിപത്യ പ്രവണതയാണ് പുറത്തെടുക്കുന്നത്. എസ്എഫ്ഐ ആധിപത്യമുളള ക്യാമ്പസുകളിൽ എഐഎസ്എഫ് പ്രവർത്തകർക്ക് നേരെ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. അത്തരം യൂണിറ്റുകളുടെ പ്രവർത്തനങ്ങളെ എസ്എഫ്ഐയുടെ സംസ്ഥാന നേതൃത്വം ഇടപ്പെട്ട് നിയന്ത്രിക്കണമെന്നും അത്തരം ക്രിമിനൽ സംഘങ്ങളെ സംഘടനയിൽ വെച്ച് പുലർത്തരുതന്നും എഐഎസ്എഫ് വളരെ കാലമായി പറയുന്നുണ്ട്. അവരെ തിരുത്താൻ എസ്എഫ്ഐയുടെ നേതൃത്വം ഇടപെടണമെന്നും എഐഎസ്എഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് കച്ചവട കാവിവത്കരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമം: എഐഎസ്എഫ്
തിരുവനന്തപുരം: പുത്തൻ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാഭ്യാസരംഗത്ത് കച്ചവട-കാവിവത്കരണം നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് എഐഎസ്എഫ്. ഈ നയം സംസ്ഥാനത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നതിനു മുമ്പ് സംസ്ഥാന ഗവൺമെന്റ് വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ചനടത്തി വേണ്ട ഭേദഗതികൾ നടപ്പിലാക്കുകയും വേണമെന്ന് എഐഎസ്എഫ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ ഗുണനിലവാരം വ്യത്യസ്ഥമായിരിക്കുന്നതിനാൽ ഒരേ രീതിയിൽ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് പ്രതിസന്ധി സൃഷ്ട്ടിക്കുമെന്നും അവർ വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ പുത്തൻ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനു മുമ്പേ തന്നെ സ്റ്റേറ്റ് എഡ്യുക്കേഷൻ പോളിസി(എസ്ഇപി) നടപ്പിലാക്കണമെന്ന് എഐഎസ്എഫിന്റെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടതാണ്. ഇതിനുവേണ്ടി സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും അവർ പറഞ്ഞു.
കേരള കാർഷിക സർവ്വകാലശാല വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുക, കേരളത്തിലെ വിവിധ സർവ്വകലാശലകളിലെ ഗവേഷക ഫെലോഷിപ്പ് ഏകീകരിക്കുക, ഗവേഷക മേഖലയിൽ അദ്ധ്യാപക മോണിറ്ററിംഗ് ഉറപ്പ് വരുത്തുക, സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ഫീസ് ഏകീകരിക്കുക തുടങ്ങിയ കാര്യങ്ങളും എഐഎസ്എഫ് നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ജെൻട്രൽ ന്യൂട്രാലിറ്റി പാഠ്യപദ്ധതിയിലുൾപ്പെടുത്തുക, സർക്കാർ ആർട്സ് & സയൻസ് കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുക . പ്രളയം തകർത്ത മൂന്നാർ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ പുനഃസൃഷ്ടിക്കുക . എസ്സി/എസ്ടി ന്യൂനപക്ഷ സ്കോളർഷിപ്പ് കാലതാമസം ഒഴിവാക്കുക, ലാറ്ററൽ എൻട്രി ആശങ്കകൾ പരിഹരിക്കുക എന്നിവയും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീറും പ്രസിഡന്റ് രാഹുൽ രാജും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.