ഫാസിസം എഐഎസ്എഫിന്റെ പൂർവകാല ചരിത്രമാണെന്നു പറഞ്ഞ എസ്എഫ്ഐ സംസ്ഥാനസെക്രട്ടറി സച്ചിൻ ദേവിനു തെളിവുകൾ നിരത്തി മറുപടി നൽകി എഐഎസ്എഫ്. ചരിത്രം അറിയാത്തവർ അത് പഠിക്കണം. അറിയാത്തവരെ അത് ഓർമ്മപ്പിക്കുന്നതായും എഐഎസ്എഫ് വ്യക്തമാക്കി. സിപിഐ(എം)ന്റെ സംസ്ഥാന നേതാവായ എകെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റടക്കം തെളിവായി നിരത്തിയാണ് എസ്എഫ്ഐയുടെ പൊള്ളയായ ആരോപണങ്ങൾക്കെതിരെ എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ് തിരച്ചടിച്ചത്.
കോഴിക്കോട് ലോ കോളേജിൽ കെഎസ്‌യുവിനെ നേരിടാൻ എബിവിപിയെ കൂട്ടുപിടിച്ചു നടത്തിയ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഒർമ്മക്കുറുപ്പുകൾ എകെ ബാലൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ബിജെപി നേതാവ് ശ്രീധരൻ പിള്ളയ്ക്ക് മിസോറം ഗവർണ്ണറായി ചുമതല ലഭിച്ചപ്പോൾ അദ്ദേഹത്തെ പ്രശംസിച്ച് എകെ ബാലൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഇരു സംഘടനകളുടെയും ആത്മബന്ധങ്ങൾ പരാമർശിക്കുന്നത്. എസ്എഫ്ഐ-എബിവിപി സഖ്യം ഒറ്റക്കെട്ടായി കോഴിക്കോട് ലോ കോളേജിൽ തെരഞ്ഞെടുപ്പിനെ നേരിട്ട കഥയാണ് ബാലൻ പുറത്തെടുത്തത്. എസ്എഫ്ഐയും എബിവിപിയും സ്വന്തം നിലയിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നടത്തിയിരുന്നെന്നും കോൺഗ്രസ് സർക്കാരിന്റെ നയങ്ങളെയും വിദ്യാർത്ഥി വിരുദ്ധ നടപടികളെയും എതിർക്കാൻ ചില ഘട്ടത്തിൽ യോജിച്ചും പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നുണ്ട്.
ഇതിനോടൊപ്പം 1977 ലെ തെരഞ്ഞെടുപ്പിൽ സിപിഐ(എം)ന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച ടി ശിവദാസ മേനോനുവേണ്ടി വോട്ട് അഭ്യർത്ഥിച്ച് ബിജെപി ദേശീയ നോതാവ് എൽകെ അദ്വാനി തൃശൂരിൽ സംസാരിക്കുന്നതിന്റെ പഴയ പത്രക്കുറിപ്പിന്റെ ചിത്രവും രാഹുൽ രാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഉയർത്തിക്കാട്ടിയിട്ടുണ്ട്.