കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ പിഎച്ച്ഡി ഗവേഷകരെ ടീച്ചിങ് അസിസ്റ്റന്റായി നിയമിച്ച് വർക്ക് ലോഡ് വീതിച്ചു നൽകുന്നത് വിദ്യാർത്ഥി വിരുദ്ധ നിലപാടാണെന്ന് എഐഎസ്എഫ് ജില്ലാ കമ്മിറ്റി. ഗവേഷണം പൂർത്തീകരിച്ചവർക്ക് താത്കാലികമായി ലഭിക്കുന്ന തൊഴിലവസരം നിഷേധിക്കുന്ന പരിഷ്കരണത്തിൽ നിന്നും യൂണിവേഴ്സിറ്റി പിന്മാറേണ്ടതാണെന്നും എഐഎസ്എഫ് വ്യക്തമാക്കി. ഇത്തരം തുഗ്ലക് പരിഷ്കരണങ്ങൾ യൂണിവേഴ്സിറ്റിയുടെ അക്കാദമിക നിലവാരവും തകർക്കും.
വെനസ്‌ഡേ സെമിനാർ എന്ന പേരിൽ നടത്തുന്ന ഗവേഷക വിഷയവുമായി ബന്ധപ്പെട്ട സെമിനാറിന്റെ സ്വഭാവമല്ല വർക്ക് ലോഡ് വീതിച്ചു നൽകുന്നതിലൂടെ ഉണ്ടാവുന്നത്. പിഎച്ച്ഡി ഗവേഷകർക്ക് പഠിപ്പിച്ചു പൂർത്തീകരിക്കേണ്ട സിലബസ് വീതിച്ചു നൽകുമ്പോൾ യൂണിവേഴ്സിറ്റി സാമ്പത്തിക ലാഭം മാത്രമാണ് പ്രതീക്ഷിക്കുന്നത്. പഠന നിലവാരം തകരുന്നത് യൂണിവേഴ്സിറ്റിയെ ബാധിക്കുന്ന ഒന്നായി കാണാത്തത് വിദ്യാർത്ഥി സമൂഹം ആശങ്കയോടെയാണ് കാണുന്നതെന്ന് എഐഎസ്ഫ് കുറ്റപ്പെടുത്തി.
സാമ്പത്തിക ലാഭത്തിന് വേണ്ടി യൂണിവേഴ്സിറ്റി ഇത്തരം വിദ്യാഭ്യാസ വിരുദ്ധ മാറ്റങ്ങൾ കൊണ്ടുവരുന്നത് ഇടതുപക്ഷ സർക്കാറിനും ഇടതുപക്ഷ മൂല്യങ്ങൾക്കും മങ്ങൽ ഏല്പിക്കും. യൂണിവേഴ്സിറ്റി വിദ്യാർത്ഥി വിരുദ്ധ നയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമര പരിപാടിയിലേക്ക് കടക്കുമെന്നും എഐഎസ്എഫ് ജില്ലാ നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.