കണ്ണൂർ:കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നും അനധികൃതമായി പണപ്പിരിവ് നടത്തുന്ന സ്കൂൾ മാനേജ്‌മെന്റിന്റെ നടപടിക്ക് എതിരെ എഐഎസ്എഫ്-എഐവൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സം ഘടിപ്പിച്ചു. കെ ഇ ആർ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് കാലങ്ങളായി ഈ സ്ഥാപനം നടത്തിവരുന്നത്. ബന്ധപ്പെട്ട വിഷയം പരിശോധിച്ച് നിയമനടപടി സ്വീകരിക്കേണ്ട ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ കണ്ണടയ്ക്കുന്ന സമീപന മാണ് സ്വീകരിക്കുന്നത്.
ഡിജിറ്റൽ പഠന സൗകര്യത്തിനുവേണ്ടി ഓരോ കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും 3000 രൂപ തോതിൽ പിരിക്കുകയും ഈ തുക നൽകാൻ കഴിയാത്ത രക്ഷിതാക്കളുടെ മക്കളെ സാധാരണ ക്ലാസ് മുറികളിൽ ഇരുത്തി പഠിപ്പിക്കുകയും ചെയ്യുന്ന മാനേജ്‌മെൻ്റിൻ്റെ വിവേചനപരമായ നടപടി അവസാനിപ്പിക്കണമെന്നും എഐഎസ്എഫ്-എഐവൈഎഫ് മാർച്ചിൽ ആവശ്യപ്പെട്ടു.
പ്രതിഷേധ മാർച്ച് സ്കൂൾ ഗേറ്റി നടുത്ത് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. മാർച്ച് സി പി ഐ ജില്ലാ എക്സിക്യട്ടീവ് അംഗം അഡ്വ. പി അജയകുമാർ ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് പ്രണോയ് വിജയൻ അധ്യക്ഷനായി. കെ വി രജീഷ്,കെ ആർ ചന്ദ്രകാന്ത്,പി എ ഇസ്മയിൽ എന്നിവർ സംസാരിച്ചു. കെ വി സാഗർ സ്വാഗതം പറഞ്ഞു. കെ വി പ്രശോഭ്, വി അമീഷ, കെ ദിപിൻ, പി അനീഷ്,അനിൽ ചന്ദ്രൻ,യദുകൃഷ്ണ, ഇ കെ പ്രജീ ഷ്,പി വി ധീരജ് എന്നിവർ നേതൃത്വം നൽകി.